പാലക്കാട് : 100 ദിവസം കൊണ്ട് മൂന്ന് രാജ്യങ്ങളിലൂടെ ബുള്ളറ്റിൽ ഒരു സ്വപ്‌ന യാത്ര. നെന്മാറ അയിലൂർ സ്വദേശി എ നാരായണനാണ് (30) ബെംഗളൂരുവിലെ ഐടി കമ്പനി ജോലി രാജിവച്ച് യാത്ര തിരിച്ചത്. ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലൂടെയാണ് യാത്ര.
20000ലധികം കിലോമീറ്റർ ദൂരം യാത്രയിൽ പിന്നിടും. ഞായറാഴ്‌ച രാവിലെ പാലക്കാട് ചന്ദ്രനഗറിൽ നിന്ന് യാത്ര ആരംഭിച്ചു. യാത്ര പാലക്കാട് വിന്‍റേജ് മോട്ടോർ സൈക്കിൾ ക്ലബ് പ്രസിഡന്‍റ് എസ് സുനിൽ ഫ്ലാഗ് ഓഫ് ചെയ്‌തു.
മുമ്പും ഇന്ത്യയിലെ പല സ്ഥലങ്ങളിലേക്കും യാത്ര പോയിട്ടുണ്ടെങ്കിലും നാരായണൻ ഇത്ര വലിയ യാത്ര പോകുന്നത് ആദ്യമാണ്. യാത്രയ്ക്ക് അനുമതി തേടി ഐടി കമ്പനിയെ സമീപിച്ചപ്പോൾ 100 ദിവസത്തെ അവധി അനുവദിച്ച് കിട്ടിയില്ല. അതിനാൽ തന്നെ ജോലി രാജിവച്ച് യാത്രയ്ക്ക് ഒരുങ്ങി.
പാലക്കാട് വിന്‍റേജ് മോട്ടോർ സൈക്കിൾ ക്ലബ്ബിന്‍റെ പിന്തുണയുമുണ്ട്. ക്ലബ്ബിലെ സുഹൃത്തുക്കളും തങ്ങളെ കൊണ്ട് കഴിയും വിധം സാമ്പത്തിക സഹായം നൽകി.ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൂടെയെല്ലാം നാരായണൻ യാത്ര ചെയ്യും. ലഡാക്ക്, കുളു, മണാലി എന്നിവിടങ്ങളിലും എത്തും. ഇന്ത്യയുടെ വൈവിധ്യങ്ങളറിഞ്ഞ് പലതരം ആളുകളെ പരിചയപ്പെട്ടാണ് യാത്ര.
ALSO READ: കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ബോളിവുഡ് ചിത്രങ്ങൾ ചെയ്യും : ടൊവിനോ തോമസ്
ഭൂട്ടാനിലും നേപ്പാളിലും രണ്ടോ മൂന്നോ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ച് മടങ്ങാനാണ് നാരായണന്‍റെ ലക്ഷ്യം. പകൽ യാത്രയും രാത്രി വിശ്രമവും എന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. പ്രധാന നഗരങ്ങളിൽ ഇതിനായി താമസ സൗകര്യങ്ങളും കണ്ടെത്തി.
ആവശ്യമുള്ള സാധനങ്ങളെല്ലാം ബുള്ളറ്റിൽ കെട്ടിവച്ചാണ് യാത്ര. വസ്ത്രങ്ങൾ. ടെന്‍റ്, ബൈക്ക് നന്നാക്കാനുള്ള സാധനങ്ങൾ എന്നിവയെല്ലാം കരുതിയിട്ടുണ്ട്. അയിലൂർ സ്വദേശികളായ പി എൻ അഖിലേശ്വരൻ, കെ വി പാർവതി ദമ്പതികളുടെ മകനാണ് നാരായണൻ.