പാലക്കാട് : ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. കൽപ്പാത്തി ശംങ്കുവാരമേട് സ്വദേശികളായ മുഹമ്മദ് ബിലാൽ ( 22), റിയാസുദ്ദീൻ (35), മുഹമ്മദ് റിസ്വാൻ (20), പുതുപ്പരിയാരം ഇന്റസ്ട്രിയൽ എസ്റ്റേറ്റ് താഴെമുരളി പരപ്പത്ത് തൊടി സ്വദേശി സഹദ് (22) എന്നിവരാണ് അറസ്റ്റിലായത്.
ഇതിൽ മുഹമ്മദ് ബിലാലും റിയാസുദ്ദീനും ഗൂഢാലോചനയിൽ പങ്കെടുക്കുകയും ശ്രീനിവാസനെ കൊല്ലാനായി സംഭവ സ്ഥലത്ത് പോയവരുമാണ്. ആറംഗ സംഘം കൊല നടത്തുമ്പോൾ ഇവർ രണ്ട് പേരും ശ്രീനിവാസന്‍റെ കടയ്ക്ക് സമീപം തന്നെയുണ്ടായിരുന്നു. മുഹമ്മദ് റിസ്വാനും സഹദും ജില്ല ആശുപത്രി മോർച്ചറിയ്ക്ക് പുറകിൽ നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തവരണ്. നാല് പേരെയും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
ആകെ 16 പ്രതികളെയാണ് തിരിച്ചറിഞ്ഞത് : ഇതിൽ നാലുപേരാണ് പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആറുപേർ ഒളിവിലാണ്. ഇവരെ ഉടൻ പിടികൂടുമെന്നും സംസ്ഥാനം വിട്ടുപോയിട്ടില്ലെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു. വിഷുദിവസം കൊല്ലപ്പെട്ട സുബൈറിന്‍റെ മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ എത്തിച്ച അന്ന് രാത്രി മോർച്ചറിക്ക് പിറകിലെ ഗ്രൗണ്ടിൽവച്ചാണ് ശ്രീനിവാസനെ കൊലപ്പെടുത്താൻ പോപ്പുലർഫ്രണ്ട് പ്രവർത്തകർ ഗൂഢാലോചന നടത്തിയത്.
Also Read: പാലക്കാട്ടെ കൊലപാതകങ്ങൾ : ജാഗ്രത വേണമെന്ന് പാർട്ടിക്കാരോട് ബിജെപി തമിഴ്‌നാട് അധ്യക്ഷൻ അണ്ണാമലൈ
16ന് പകൽ ഒന്നിനാണ് മൂന്ന് ബൈക്കിലായി ആറുപേർ മേലാമുറിയിലെ എസ്‌കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തിയത്. ഇതിൽ മൂന്നുപേർ കടയിൽ കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തിന് മുമ്പും ശേഷവും പ്രതികൾ ജില്ല ആശുപത്രിയിൽ എത്തി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും ഫോൺ വിളികൾ നിരീക്ഷിച്ചും സിസിടിവി ക്യാമറകൾ പരിശോധിച്ചുമാണ് പ്രതികളിലേക്ക് എത്തിയതായി പൊലീസ് കണ്ടെത്തിയത്.
പോപ്പുലർ ഫ്രണ്ട് നേതാവായ സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്‌റ്റിലായ പ്രതികളെ ചിറ്റൂർ സബ് ജയിലിൽ പ്രത്യേക മുറികളിലായാണ് റിമാൻഡിൽ പാർപ്പിച്ചിട്ടുള്ളത്. തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ വ്യാഴാഴ്ച പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ പൊലീസ് നൽകി. തിരിച്ചറിയൽ പരേഡിന് ശേഷമേ കസ്റ്റഡിയപേക്ഷ നൽകൂ.