പാലക്കാട്: അതിർത്തി വഴി റേഷനരി വ്യാപകമായി കടത്തുന്നുവെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ രേഖകളും, കൃത്യമായ തൂക്കവുമില്ലാതെ സൂക്ഷിച്ച അരിയും ഗോതമ്പും പിടികൂടി. കൊടുമ്പ് കനാൽപാലത്തിന് സമീപത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്നാണ് ഇവ പിടികൂടിയത്. 189 ചാക്കുകളിലായി 9276 കിലോ പുഴുക്കലരി, 72 ചാക്കുകളിലായി 3481 കിലോ പച്ചരി, 33 ചാക്കുകളിലായി 1403 കിലോ മട്ടയരി എന്നിങ്ങനെ 14,160 കിലോ അരിയും രണ്ട് ചാക്കുകളിലായി 80 കിലോ ഗോതമ്പുമാണ് പിടിച്ചെടുത്തത്.
പാലക്കാട് താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലാണ് പരിശാധന നടത്തിയത്. സ്വകാര്യ സ്ഥാപനത്തിന്‍റെ പഞ്ചായത്ത് ലൈസൻസ് കാലഹരണപെട്ടതാണ്. കൂടാതെ, എഫ്‌എസ്‌എസ്‌എ ലൈസൻസും ഇല്ല. പിടിച്ചെടുത്ത അരിയും ഗോതമ്പും സപ്ലൈകോയുടെ കഞ്ചിക്കോടുള്ള എൻഎഫ്‌എസ്‌എ ഗോഡൗണിൽ സൂക്ഷിക്കും.
ഇവ പൊതുവിതരണ ശൃംഖല വഴി വിറ്റഴിച്ച് തുക സർക്കാറിലേക്ക് മുതൽകൂട്ടുമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു.