പാലക്കാട്: ടോൾ പ്ലാസയിൽ സ്വകാര്യ ബസുകൾ ടോൾ നൽകാതെ ഓടിത്തുടങ്ങി. ഇന്ന് രാവിലെ (മെയ് 5) മുതലാണ് ടോൾ നൽകാതെ ബസുകൾ ഓടിത്തുടങ്ങിയത്. ബസ് ഉടമകളുടെയും സംയുക്ത സമരസമിതിയുടെയും നേതൃത്വത്തിലാണ് പുതിയ സമര രീതിക്ക് തുടക്കമിട്ടത്.
സമരത്തിന് നേതൃത്വം നൽകിയ രമ്യ ഹരിദാസ് എം.പി, പി.പി സുമോദ് എം.എൽ.എ എന്നിവർ ടോൾ പ്ലാസയിലെത്തി സമരക്കാരോടൊപ്പം ബാരിയർ ഉയർത്തി ബസുകളെ കടത്തിവിട്ടു. അമിതമായ ടോൾ നിരക്കിൽ പ്രതിഷേധിച്ച് കഴിഞ്ഞ 28 ദിവസമായി തൃശൂർ-പാലക്കാട്, തൃശൂർ-ഗോവിന്ദാപുരം റൂട്ടിൽ സ്വകാര്യ ബസുടമകളും തൊഴിലാളികളും പണിമുടക്കി നിരാഹാര സമരം നടത്തുകയായിരുന്നു.
തൃശൂരിൽ നിന്നും പാലക്കാട്, ഗോവിന്ദാപുരം, കൊഴിഞ്ഞാമ്പാറ, മീനാക്ഷിപുരം റൂട്ടുകളിൽ ഓടുന്ന 150 ഓളം സ്വകാര്യ ബസുകളാണ് പണിമുടക്കിയത്. ബസുടമകളുടെയും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ 28 ദിവസമായി നടത്തിവന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം അവസാനിപ്പിച്ചതിനെ തുടർന്നാണ് ബസുകൾ ടോൾ നൽകാതെ ബലപ്രയോഗത്തിലൂടെ കടന്നുപോയത്. പൊലീസ് ഉണ്ടായിട്ടും ടോൾ പ്ലാസ അധികൃതർ ബസുകൾ തടഞ്ഞില്ല.
ടോൾ പിരിവ് കുറയ്‌ക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ. കൃഷ്‌ണൻകുട്ടിയുടെയും പി.പി സുമോദ് എം.എൽ.എയുടെയും സാന്നിധ്യത്തിൽ ചർച്ചകൾ നടന്നുവെങ്കിലും കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും ടോൾ നിരക്ക് കുറയ്ക്കാനാവില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണ് ബസുടമകളും സംയുക്ത സമര സമിതിയും കടുത്തനിലപാട് സ്വീകരിച്ചത്. വരും ദിവസങ്ങളിലും സമരം കടുപ്പിക്കുമെന്ന് പി.പി സുമോദ് എം.എൽ.എ അറിയിച്ചു. ഇതോടെ ടോൾ പ്ലാസ പരിസരത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഒരിക്കിയിട്ടുള്ളത്.
ഒരുമാസം 50 ട്രിപ്പിന് 10,540 രൂപയാണ് സ്വകാര്യ ബസുകൾക്ക് ടോൾ നൽകേണ്ടത്. ഇത് വളരെ കൂടുതലാണെന്നും നിരക്കിൽ ഇളവ് വേണമെന്നുമാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. വർധിപ്പിച്ച ടോൾ നിരക്കിനെതിരെ ടിപ്പർ ലോറികളും ടോൾ പ്ലാസയിൽ നിർത്തിയിട്ട് നേരത്തെ പ്രതിഷേധിച്ചിരുന്നു. ഒരുതവണ ഇവർക്ക് കടന്നുപോകുന്നതിന് 650 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞ മാർച്ച് ഒമ്പത് മുതലാണ് പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിച്ചത്.