പാലക്കാട്: പന്നിയങ്കര ടോള്‍പ്ലാസയിലെ അമിത ടോള്‍ നിരക്കിനെതിരെ സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കുന്നു. പാലക്കാട്-തൃശൂര്‍ റൂട്ടിലാണ് ഇന്ന് ബസ് ജീവനക്കാരുടെ പ്രതിഷേധം. 150-ഓളം ബസുകളാണ് പണിമുടക്കുന്നത്.
പന്നിയങ്കരയിൽ സ്വകാര്യബസുകളിൽ നിന്നും ടോളായി ഈടാക്കുന്നത് വാളയാറിലേക്കാള്‍ 11 ഇരട്ടിയോളം തുകയാണ്. ദിവസം നാല് സര്‍വീസ് നടത്തേണ്ടിവരുന്ന പാലക്കാട്-തൃശൂര്‍ റൂട്ടിലെ സ്വകാര്യബസുകള്‍ കരാര്‍ കമ്പനിയുടെ കണക്ക് പ്രകാരം ഒരുമാസം 25,326 രൂപയാണ് ടോള്‍ പ്ലാസയില്‍ നല്‍കേണ്ടത്. ഇതേ കരാര്‍ വ്യവസ്ഥയുള്ള വാളയാറില്‍ മാസം 2300 രൂപ നല്‍കിയാല്‍ അത് വഴി എത്രതവണ വേണമെങ്കിലും ബസുകള്‍ക്ക് കടന്ന് പോകാം.
വാളയാറിൽ ടോൾ പിരിവ് ആരംഭിച്ചപ്പോള്‍ പ്രതിമാസം 8215 രൂപയാണ് സ്വകാര്യ ബസുകളിൽ നിന്നും ഈടാക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് ബസുടമകളും, കരാര്‍ പ്രതിനിധികളും നടത്തിയ ചര്‍ച്ചയില്‍ നിരക്ക് കുറക്കാൻ ധാരണയിലെത്തുകയായിരുന്നു. ഈ മാതൃകയിൽ പന്നിയങ്കരയിലും ഇളവ് അനുവദിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.
ദേശീയപാതയുടെ പണി പൂർത്തീകരിച്ചാൽ വീണ്ടും ടോൾ നിരക്ക് വർധിപ്പിക്കുമെന്നാണ് കരാർ കമ്പനി പറയുന്നത്. ഏപ്രിൽ ഒന്നു മുതലാണ് സ്വകാര്യബസുകള്‍ക്ക് പന്നിയങ്കര ടോള്‍ പ്ലാസയില്‍ നിരക്ക് 10,540 രൂപയാക്കി ഉയർത്തിയത്. നിരക്ക് വര്‍ധനയ്‌ക്കെതിരെ ബസ് ജീവനക്കാര്‍ നടത്തുന്ന റിലേ നിരാഹാരസമരത്തിന്‍റെ രണ്ടാം ദിവസമാണ് ഇന്ന്.