പാലക്കാട്: കൊവിഡിനെത്തുടർന്ന് അടച്ച സിനിമാ തിയേറ്ററുകൾ തുറക്കുന്നതിൽ അനിശ്ചിതത്വം. കൊവിഡിനു മുൻപുള്ള കുടിശിക നൽകാതെ പുതിയ സിനിമകൾ നൽകില്ലെന്ന് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നിലപാടെടുത്തതാണ് അനിശ്ചിതത്വത്തിന് കാരണം. ഇതോടെ സംസ്ഥാനത്തെ തിയേറ്ററുകൾ വെട്ടിലായി.23 കോടി രൂപയാണ് വിതരണക്കാർക്കും നിർമാതാക്കൾക്കും തിയേറ്റർ ഉടമകൾക്ക് നൽകാനുള്ളത്. ഈ തുക ഉടൻ നൽകണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഈ മാസം ആറിന് ഇരുസംഘടനകളും സംയുക്ത യോഗം ചേരും.
സാമ്പത്തികമായി വിജയമായ സിനിമകളുടെയടക്കം ലാഭവിഹിതമാണ് തിയേറ്റർ ഉടമകൾ തടഞ്ഞുവച്ചിരിക്കുന്നതെന്ന് നിർമാതാക്കൾ ആരോപിച്ചു. കൊവിഡിൽ വരുമാനമില്ലാതായിട്ടും ഈ കുടിശിക തിയേറ്റർ ഉടമകൾ നൽകിയില്ല. ചിലർ പണം നൽകിയിട്ടുണ്ട്. അവർക്കുമാത്രം സിനിമ നൽകുന്നതിനെക്കുറിച്ചും ആലോചനയിലുണ്ട്.