പാലക്കാട്: പന്നിയങ്കര ടോൾ ബൂത്തിൽ പുതുക്കിയ നിരക്കിൽ പിരിവ് നടത്തുന്നത് തടഞ്ഞ് ഹൈക്കോടതി. പുതുക്കിയ നിരക്കിൽ പിരിവ് നടത്താൻ പാടില്ലെന്നും ഏപ്രിൽ ഒന്നിന് മുൻപുള്ള നിരക്കിൽ തന്നെ ടോൾ പിരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അമിത ടോൾ പിരിവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുകൾ ടോൾ നൽകാതെ സർവീസ് നടത്തിയതിനെതിരെ കരാർ കമ്പനി നൽകിയ കേസിലാണ് കോടതി ഉത്തരവ്.
സ്വകാര്യ ബസുകളുമായി ബന്ധപ്പെട്ട പ്രശ്‌നം കോടതിയുടെ പരിഗണനയിൽ വരില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മാർച്ച് ഒമ്പതിന് ടോൾ പിരിവ് ആരംഭിച്ചതിനുശേഷം ഏപ്രിൽ ഒന്നുമുതൽ ടോൾ നിരക്ക് 10-15 ശതമാനം വരെ കരാർ കമ്പനി വർധിപ്പിക്കുകയായിരുന്നു. ദേശീയപാതയുടെ പണി പൂർത്തിയാക്കുന്നതിനുമുമ്പ് ടോൾ നിരക്ക് കൂട്ടിയ കരാർ കമ്പനിയുടെ നടപടിയെ കോടതി നിശിതമായി വിമർശിച്ചു.
പഴയ നിരക്കിൽ തന്നെ ടോൾ പിരിക്കണമെന്ന ഉത്തരവ് വരുന്നതോടെ കരാർ കമ്പനിയുടെ പ്രതിദിന ടോൾ വരുമാനത്തിൽ മൂന്നുമുതൽ നാലു ലക്ഷം രൂപയുടെ കുറവുണ്ടാകും. എന്നാൽ സ്വകാര്യ ബസുകളുടെ ടോൾ നിരക്ക് സംബന്ധിച്ച് തീരുമാനമായില്ല. 10,540 രൂപ മാസം നൽകി സർവീസ് നടത്താൻ അനുമതി നൽകണമെന്ന ബസുടമകളുടെ ആവശ്യം കോടതി പരിഗണിച്ചില്ല.
ഇതോടെ പഴയ നിരക്കായ 50 ട്രിപ്പിന് 9,400 രൂപ നൽകി സർവീസ് നടത്തേണ്ടിവരും. ഇങ്ങനെയായാലും മാസം 25,000 രൂപയ്‌ക്ക് മുകളിൽ ഒരു ബസ് ടോൾ നൽകണം. സ്വകാര്യ ബസുകളെ പൊതുഗതാഗതത്തിന്‍റെ ഭാഗമായി പരിഗണിച്ച് സ്റ്റേജ് കാരേജ് കാറ്റഗറിയിൽപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കുമെന്ന് ബസുടമകളുടെ പ്രതിനിധികൾ അറിയിച്ചു.