പാലക്കാട് : എലപ്പുള്ളിയിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ വധത്തിൽ നിർണായക വെളിപ്പെടുത്തൽ. കൊലയാളി സംഘം സഞ്ചരിച്ച കാറുകളിലൊന്ന് വാടകക്കെടുത്തത് ബി.ജെ.പി പ്രവർത്തകനെന്നാണ് വെളിപ്പെടുത്തല്‍. ഈ കാർ ഉപേക്ഷിച്ച നിലയിൽ കഞ്ചിക്കോട് നിന്ന് കണ്ടെത്തി.
'വാങ്ങിയത് അമ്പലത്തിൽ പോകാനെന്ന് പറഞ്ഞ്' : എലപ്പുള്ളി സ്വദേശിയായ രമേശ് ആണ് കാർ വാടകയ്ക്ക് എടുത്തതെന്ന് വാഹനം നൽകിയ, ഇതേ പ്രദേശത്തുകാരനായ അലിയാർ പറഞ്ഞു. കൃപേഷ് എന്ന വ്യക്തിയുടെ പേരിലുള്ളതാണ് കാർ. ഇത് ഉപയോഗിക്കുന്നത് അലിയാർ ആണ്. അമ്പലത്തിൽ പോകാനെന്ന് പറഞ്ഞാണ് വെള്ളിയാഴ്‌ച പകൽ 9.30ന് കാർ രമേശ് കൊണ്ടുപോയത്.
സംഭവം നടന്ന ശേഷം രമേശിൻ്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്. കൊല്ലപ്പെട്ട സുബൈറിൻ്റെ വീടിനടുത്താണ് രമേശ് താമസിക്കുന്നത്. പൊലീസ് വെള്ളിയാഴ്‌ച തന്നെ തേടിയെത്തിയിരുന്നു. കെ.എല്‍ ഒന്‍പത് എ.കെ 7901 എന്ന ഓൾട്ടോ 800 കാർ ആണ് കഞ്ചിക്കോട് വ്യവസായിക മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കൊലയാളി സംഘം തമിഴ്‌നാട്ടില്‍? : വെള്ളിയാഴ്‌ച രണ്ട് മണിയോടെയാണ് കാർ കണ്ടത്. സംശയം തോന്നി രാത്രി 10 മണിയോടെ പൊലീസിനെ അറിയിക്കുകയായിരുന്നെന്ന് കഞ്ചിക്കോട്ടെ കടയുടമ രമേശ് കുമാർ പറഞ്ഞു. കൊലപാതകം നടന്ന പാറയിൽ നിന്ന് 10 കിലോമീറ്റർ മാത്രം അകലെയാണ് വാഹനം ഉപേക്ഷിച്ചത്. കൊലയാളി സംഘം കാർ ഇവിടെയുപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് സംശയിക്കുന്നത്.
കേസില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അഞ്ചംഗ കൊലയാളി സംഘം കൊഴിഞ്ഞാമ്പാറ എത്തിയശേഷം തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചനയെന്ന് ഇന്നലെത്തന്നെ പൊലീസ് പറഞ്ഞിരുന്നു. കൃത്യമായി തയാറാക്കിയ പദ്ധതി പ്രകാരമാണ് കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
അതേസമയം, കൊലയാളികൾ സഞ്ചരിച്ച കാർ രണ്ടുവർഷമായി വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നെന്ന് ഉടമ കൃപേഷ് പറഞ്ഞു. അലിയാർ എന്നയാൾക്കാണ് കാർ വാടകയ്ക്ക് നൽകിയത്. അലിയാർ ആർക്കൊക്കെ വാഹനം നൽകിയെന്ന് അറിയില്ല. കാർ തന്‍റെ പേരിലായതിനാൽ ആശങ്കയിലാണെന്നും കൃപേഷ് പറഞ്ഞു.