പാലക്കാട്: ഒലവക്കാട് ഐശ്വര്യ നഗര്‍ കോളനി റോഡില്‍ വാഹനമോഷ്‌ടാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 3 പേരെ ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തു. കൊല്ലങ്കോട് മൈലാപ്പത്തറ ഗുരുവായൂരപ്പൻ (23), ആലത്തൂർ കാട്ടുശ്ശേരി മനീഷ് (23), പല്ലശന പൂത്തോട്ത്തറ സൂര്യ (20) എന്നിവരാണ് പിടിയിലായത്. ഇവരുടെ ബൈക്ക് മോഷ്‌ടിച്ച് കടത്തികൊണ്ടുപോയ മലമ്പുഴ കടുക്കാംകുന്നം റഫീഖ് (27) ആണ് മര്‍ദനത്തില്‍ മരിച്ചത്.
റഫീഖിന്‍റെ തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പാലക്കാട് ഡിവൈഎസ്‌പി പി സി ഹരിദാസ്, ടൗൺ നോർത്ത് ഇൻസ്‌പെക്‌ടർ ആർ സുജിത്കുമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഫോറൻ്കസിക് വിദഗ്‌ദര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു. അറസ്‌റ്റ് ചെയ്‌ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
മദ്യലഹരിയിലായിരുന്ന പ്രതികള്‍ പ്രദേശവാസികള്‍ നോക്കിനില്‍ക്കെയാണ് റഫിഖിനെ മര്‍ദിച്ചത്. മരിച്ച യുവാവിന്‍റെ ശരീരത്തില്‍ 26-ഓളം പരിക്കുകളാണ് ഉണ്ടായിരുന്നത്. മര്‍ദനത്തില്‍ കുഴഞ്ഞുവീണ യുവവിനെ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
സംഭവം നടന്ന ദിവസം മരിച്ച റഫീഖിനെ രാത്രി 10 മണിയോടെ ഒരു സുഹൃത്ത് വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയിരുന്നതായി ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. ഇയാള്‍ക്കായുള്ള അന്വേഷണവും ഉദ്യോഗസ്ഥര്‍ നടത്തുന്നുണ്ട്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
2018ൽ പാലക്കാട് നോർത്ത് സ്റ്റേഷനിലെ വാഹനമോഷണ കേസിലെ പ്രതിയാണ് മരിച്ച റഫീഖ്. ഇതേ വർഷം കഞ്ചാവ് കടത്ത് കേസിലും ഇയാള്‍ പിടിയിലായിരുന്നു. പാലക്കാട് കസബ സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
More read: പാലക്കാട് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു: ക്രൂരത ബൈക്ക് മോഷണം ആരോപിച്ച്