പാലക്കാട്: തമിഴ്നാട്ടിൽ നിന്നും ആനക്കട്ടി അതിർത്തി വഴി കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച 400 ഗ്രാം കഞ്ചാവും അമ്പത് ലക്ഷം രൂപയിലധികം വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി. സംഭവത്തിൽ വാഹനത്തിന്‍റെ ഡ്രൈവറും സഹായിയും അറസ്റ്റിലായി. മണ്ണാർക്കാടിനടുത്ത് കാരാകുറുശ്ശി അച്ഛൻകാവ് മാഞ്ചുരണ്ട വീട്ടിൽ കൃഷ്ണദാസ്, കടുകക്കുന്നിൽ വീട്ടിൽ ഫെബിൻ കെ തോമസ് എന്നിവരാണ് പിടിയിലായത്.
തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് തവിട് കയറ്റി പോവുകയായിരുന്ന വാഹനത്തിൽ ആനക്കട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. തവിട് ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 91,200 പായ്ക്കറ്റ് പുകയില ഉൽപ്പന്നങ്ങളും, 400 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. അഗളി എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറിയ പ്രതികളെയും തൊണ്ടി മുതലും വാഹനവും മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ ഹാജരാക്കി. പ്രതികളെ റിമാന്‍ഡ് ചെയ്തു.