പാലക്കാട് : ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മേലാമുറിയിലെ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ നാല് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍. പാലക്കാട് സ്വദേശികളായ ബിലാല്‍, റിസ്വാന്‍, റിയാസ് ഖാന്‍, സഹദ് എന്നിവരാണ് സൗത്ത് പൊലീസിന്‍റെ പിടിയിലായത്. കേസില്‍ ആകെ 16 പ്രതികളാണുള്ളത്.
കൊലപാതകത്തിന് സഹായം ചെയ്‌തവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. കൂടുതല്‍ പേരെ ചോദ്യം ചെയ്‌തുവരിയാണ്. വിഷുദിനത്തില്‍ കൊല്ലപ്പെട്ട എസ്‌ഡിപിഐ പ്രവര്‍ത്തകൻ സുബൈറിന്‍റെ മൃതദേഹം ജില്ല ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ചപ്പോള്‍ പ്രതികള്‍ അവിടെ എത്തിയിരുന്നു.
മോര്‍ച്ചറിക്ക് സമീപമുള്ള ഗ്രൗണ്ടില്‍വച്ചാണ് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത്. ആറുപേര്‍ രണ്ട് ബൈക്കുകളിലായി മേലാമുറിയില്‍ എത്തുകയും മൂന്നുപേര്‍ ശ്രീനിവാസനെ കടയില്‍ കയറി വെട്ടുകയുമായിരുന്നു. കൊലപാതകത്തിന് ശേഷവും പ്രതികള്‍ ജില്ല ആശുപത്രിയില്‍ എത്തിയിരുന്നു.
READ MORE: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം : പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്, തിരച്ചിൽ ഊർജിതം
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും ഫോണ്‍ വിളികള്‍ നീരീക്ഷിച്ചുമാണ് പ്രതികളിലേക്ക് എത്തിയത്. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി എഡിജിപി വിജയ് സാഖറെ മാധ്യമങ്ങളെ അറിയിച്ചു.
എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇവര്‍ ചിറ്റൂര്‍ സബ് ജയിലില്‍ റിമാൻഡിലാണ്. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതികളെ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.