പാലക്കാട്: ആര്‍എസ്എസ് മുന്‍ ശാരിരിക് ശിക്ഷണ്‍ പ്രമുഖ് എ. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി റൗഫിന്‍റെ സഹോദരന്‍ ഉള്‍പ്പെടെയുള്ള പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം അറസ്റ്റിലായ പട്ടാമ്പി ഒമിക്കുന്ന് കുന്നത്തുവീട്ടില്‍ കെ. അലി (55), മരുതൂര്‍ ചപ്പങ്ങതൊടി വീട്ടില്‍ അഷ്റഫ് (48) എന്നിവരുമായാണ് പട്ടാമ്പിയില്‍ തെളിവെടുപ്പ് നടത്തിയത്. കൊലപാതകം സംബന്ധിച്ച ഗൂഢാലോചനയില്‍ ഇരുവര്‍ക്കും പങ്കുണ്ട്.
റൗഫിന്‍റെ സഹോദരനാണ് അഷ്‌റഫ്. കേസിലെ മുഖ്യസൂത്രധാരന്‍ സഞ്ചരിച്ച ചുവന്ന സ്വിഫ്റ്റ് കാറിന്‍റെ ഉടമ നാസറിനെയും ഇവര്‍ക്കൊപ്പം തെളിവെടുപ്പിനായി കൊണ്ടുവന്നു. നാസര്‍, അലി എന്നിവരെ മേലെ പട്ടാമ്പിയിലെ നാസറിന്‍റെ ഉടമസ്ഥതയിലുള്ള കടയിലും, കേസില്‍ നേരത്തെ അറസ്റ്റിലായ കരിമ്പുള്ളി സ്വദേശി അഷറഫ് മൗലവിയെ വീട്ടിലും എത്തിച്ചാണ് തെളിവെടുത്തത്.
അഷറഫ് മൗലവിയുടെ വീട്ടില്‍ നിന്ന് മൊബൈലും, കാറും പോലീസ് കസ്റ്റഡിയിലെടുത്തു. നാസറിന്‍റെ ചുവന്ന കാറിലാണ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്താനുള്ള ആയുധങ്ങള്‍ എത്തിച്ചതെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മേലെ പട്ടാമ്പിയിലെ നാസറിന്‍റെ ബന്ധുവീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കാര്‍. ഡിവൈഎസ്‌പി എം. അനികുമറിന്‍റെ നേതൃത്വത്തില്‍ നടന്ന തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു.
Also Read ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍ വധം; ജിഷാദുമായി അന്വേഷണ സംഘം തെളിവെടുത്തു