പാലക്കാട്: അഴിമതി തുറന്നുകാട്ടിയവരെ പുറത്താക്കിയതിന് പിന്നാലെ അനുനയ നീക്കവുമായി കോൺഗ്രസ് ജില്ലാ നേതൃത്വം. പ്രാഥമിക അംഗത്വത്തിൽ നിന്ന് വിലക്കിയ നടപടിയില്‍ പുതുശേരി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്‍റ് കെ.സുരേഷുമായി ഡിസിസി പ്രസിഡന്‍റ് എ.തങ്കപ്പനാണ് അനുനയ ചർച്ച നടത്തിയത്. ഡിസിസി ഓഫീസിൽ ബുധനാഴ്ചയായിരുന്നു ചർച്ച.
വിമതപക്ഷം ഉന്നയിച്ച കാര്യങ്ങൾ പരിശോധിച്ച് 15 ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് സുരേഷിന് ഡിസിസി പ്രസിഡന്‍റ് ഉറപ്പുനൽകി. എന്നാല്‍ തങ്ങളുടെ വാദം കേൾക്കാതെ ഏകപക്ഷീയമായി വിലക്കിയ നടപടി തിരുത്തണമെന്ന് വിമതപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യത്തിലും 15ദിവസത്തിനകം നടപടിയെടുക്കാമെന്നാണ് ഡിസിസി പ്രസിഡന്‍റ് ഉറപ്പുനല്‍കിയിട്ടുണ്ട്. അതേസമയം പുതുശേരി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് സ്‌റ്റാനിസ് ലാസ്, സെക്രട്ടറി ദീപക് എന്നിവരെയടക്കം മൂന്ന് പേരെയാണ് കഴിഞ്ഞ ദിവസം പുറത്താക്കിയത്.
ഇതിനുപിന്നാലെ പുതുശേരിയിലെ ഔദ്യോഗികപക്ഷമായ ഉദയപ്രകാശ്, ഉദയകുമാർ, സതീഷ്‌കുമാർ എന്നിവരടങ്ങുന്ന സംഘം കൂടുതൽ പേരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്‍റിന് കത്ത് നൽകിയിരുന്നു. എന്നാല്‍ വിഷയം കൂടുതൽ വഷളാകാതിരിക്കാനാണ് മൂന്ന് പേർക്കെതിരെ മാത്രം നടപടി ഒതുക്കിയത്. എന്നാൽ നടപടിക്ക് പിന്നാലെ കൂടുതൽ പ്രതികരണമുണ്ടാകുമെന്ന് വിമതർ മുന്നറിയിപ്പ് നൽകി. ഇതോടെയാണ് അനുനയവുമായി ഡിസിസി ഇടപെട്ടത്.
വിഷയത്തിൽ 15 ദിവസത്തിനകം തീരുമാനമുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരമുള്‍പ്പടെ വിമതപക്ഷം ആലോചിക്കുന്നുണ്ട്. പുതുശേരിയിൽ കോൺഗ്രസിന് സൗജന്യമായി ലഭിച്ച ഭൂമി കൃത്രിമ മിനുട്‌സുണ്ടാക്കി വിൽപന നടത്തിയത് അന്വേഷിക്കണം, കോൺഗ്രസ് നേതൃത്വത്തിലുള്ള കഞ്ചിക്കോട് സർവീസ് സഹകരണ ബാങ്കിലെ നിയമന അഴിമതി അന്വേഷിക്കണം, നിയമനവുമായി ബന്ധപ്പെട്ട് ബാങ്ക് വൈസ് പ്രസിഡന്‍റ് നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പ്രത്യേകം അന്വേഷിക്കണം എന്നിവയാണ് വിമതപക്ഷത്തിന്‍റെ പ്രധാന ആവശ്യങ്ങൾ. കൂടാതെ യോഗങ്ങളൊന്നും തങ്ങളെ അറിയിക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെട്ടിട്ടുണ്ട്.