പാലക്കാട് : ജില്ലയിലെ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശം നല്‍കി ഡി.ജി.പി അനില്‍കാന്ത്. ഡി.ജി.പിയുടെ നേതൃത്വത്തില്‍ പൊലീസ് അസ്ഥാനത്ത് നടന്ന ഉന്നതതല യോഗത്തില്‍, എല്ലാ ജില്ലകളിലേക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. യോഗം പാലക്കാട്ടെ സ്ഥിതിഗതികള്‍ വിലയിരുത്തി.
സംസ്ഥാന വ്യാപകമായി സ്വീകരിക്കേണ്ട നടപടികളും യോഗം നിര്‍ദേശിച്ചു. പാലക്കാട്ട് സുരക്ഷ വര്‍ധിപ്പിക്കും. എ.ഡി.ജി.പി വിജയ് സാഖറെ ശനിയാഴ്‌ച (ഏപ്രില്‍ 16) വൈകുന്നേരം പാലക്കാട്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. അവിടെ ക്യാമ്പ് ചെയ്‌താകും ഇത്. മൂന്ന് കമ്പനി പൊലീസിനെ പ്രത്യേകമായി പാലക്കാട്ട് വിന്യസിച്ചിട്ടുണ്ട്.
ALSO READ | പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു ; ഒരു ബിജെപി പ്രവര്‍ത്തകനും വെട്ടേറ്റു
വടക്കന്‍ ജില്ലകളില്‍ പ്രത്യേക ജാഗ്രതവേണമെന്നാണ് ഡി.ജി.പിയുടെ നിര്‍ദേശം. ഈ ജില്ലകളില്‍ യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കണം. പഴുതടച്ച സുരക്ഷ ഒരുക്കാനാണ് പൊലീസിന് ഡി.ജി.പി നല്‍കിയ നിര്‍ദേശം.
വെള്ളിയാഴ്‌ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറും ശനിയാഴ്‌ച ആർ.എസ്.എസ് നേതാവ് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. രാഷ്‌ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.