പാലക്കാട്: കൊവിഡ് പശ്ചാത്തലത്തിൽ സ്വയംപര്യാപ്‌തത കൈവരിക്കുന്നതിനും പുതുതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനും പാലക്കാട് എം.പി വി.കെ ശ്രീകണ്‌ഠൻ നെൽകൃഷി ആരംഭിച്ചു. ജന്മനാടായ ഷൊർണൂരിൽ പാട്ടത്തിന് എടുത്ത ഭൂമിയിലാണ് എം.പി കൃഷി ആരംഭിച്ചത്.
കാർഷിക മേഖലയിലേക്ക് യുവാക്കൾ ഉൾപ്പെടെയുള്ളവരെ ആകർഷിക്കുന്നതിനും പ്രചോദനമാകുന്നതിനുമാണ് ജനപ്രതിനിധി എന്ന നിലയിൽ കൃഷി തുടങ്ങിയതെന്ന് എം.പി പറഞ്ഞു. ഒരേക്കർ നെൽപ്പാടത്ത് വിത്തെറിഞ്ഞ ശേഷം എം.പി തന്നെ ട്രാക്‌ടറിൽ നിലം ഉഴുതു മറിച്ചു. പാലക്കാടിന് വേണ്ടിയുള്ള കാർഷിക പാക്കേജ് കേന്ദ്ര സർക്കാരിൽ നിന്ന് നേടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.