പാലക്കാട്: ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകൾ ഒരുക്കാൻ തീരുമാനം. പഞ്ചായത്തുകളിൽ കുറഞ്ഞത് 100 കിടക്കയും നഗരസഭാ വാർഡുകളിൽ കുറഞ്ഞത് 50 വീതം കിടക്കയും ക്രമീകരിച്ച് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകൾ ഒരുക്കാനാണ് ആലോചിക്കുന്നത്. ഒരു പ്രദേശത്തെ കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചാൽ അവിടെത്തന്നെ ചുരുങ്ങിയത് 100 രോഗികളെ പ്രവേശിപ്പിക്കാൻ സൗകര്യമൊരുക്കും. ഇവിടെ റിവേഴ്സ് ക്വാറന്‍റൈൻ സംവിധാനവും ഏകോപിപ്പിക്കും.
ജൂലൈ 23നകം സൗകര്യങ്ങളൊരുക്കാനാണ് ജില്ലാ ഭരണകൂടം തദ്ദേശസ്ഥാപനങ്ങളോട് നിർദേശിച്ചിരിക്കുന്നത്. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെൻററുളിലേക്ക് ആവശ്യമായ കിടക്ക, പുതപ്പ്, തലയണ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കളക്ടർക്ക് സ്പോൺസർഷിപ്പിലൂടെ ലഭ്യമാക്കാം. അല്ലെങ്കിൽ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നും തുക ഉപയോഗിക്കാം. ജില്ലയിലെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണസംവിധാനത്തെ സഹായിക്കാൻ ഹൗസിംഗ് ബോർഡ് കമീഷണർ എസ് കാർത്തികേയന് ചുമതല നൽകിയിട്ടുണ്ട്.