പാലക്കാട് : പറമ്പിക്കുളത്ത് 108 ആംബുലൻസ് മറിഞ്ഞ് നഴ്‌സ് മരിച്ച സംഭവത്തിൽ ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നതായി റിപ്പോർട്ട്. എറണാകുളം കെമിക്കൽ ലാബിലെ പരിശോധനയിലാണ് ഡ്രൈവർ നെല്ലിയാമ്പതി സ്വദേശി ജഗദീഷ് കൂടിയ അളവിൽ മദ്യപിച്ചിരുന്നതായി വ്യക്തമായത്. ഈ സാഹചര്യത്തിൽ ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്തേക്കും.
ഹമ്പ് കടക്കുന്നതിനിടെ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞെന്നായിരുന്നൂ പ്രാഥമിക നിഗമനം. ഡ്രൈവറെ പരിശോധിക്കണമെന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെയും പൊലീസിന്‍റെയും ആവശ്യത്തെ തുടർന്ന് അപകട ദിവസം തന്നെ രക്തം എടുത്ത് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
ALSO READ: ബാങ്കിനെ കബളിപ്പിച്ച് ഒന്നര ലക്ഷത്തിലധികം തട്ടി ; രാജസ്ഥാൻ സ്വദേശികള്‍ കൊച്ചിയില്‍ പിടിയില്‍
2021 ഒക്ടോബർ 20നാണ് കൊവിഡ് മുക്തരായ പറമ്പിക്കുളം സ്വദേശികളെ വീട്ടിലെത്തിക്കാൻ പോയ 108 ആംബുലൻസ് പറമ്പിക്കുളം ആനപ്പാടി ചെക്ക്‌പോസ്‌റ്റിന് സമീപം മറിഞ്ഞ് നഴ്‌സായ വടക്കഞ്ചേരി ആമക്കുളം കണ്ടംപറമ്പിൽ വീട്ടിൽ മെൽബിൻ ജോർജ്(37) മരിച്ചത്. ആംബുലൻസ് ഡ്രൈവർ ജഗദീഷിനും ആംബുലൻസിലുണ്ടായിരുന്ന നാലുപേർക്കും പരിക്കേറ്റിരുന്നു.