പാലക്കാട്: വകുപ്പുകള്‍ ഏറ്റെടുത്തിട്ടുള്ള പ്രവര്‍ത്തികള്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പൂര്‍ത്തീകരിക്കണമെന്ന് പാലക്കാട് എ.ഡി.എം ആര്‍.പി സുരേഷ്. ജില്ലാ വികസന സമിതി യോഗത്തിലാണ് വകുപ്പുമേധാവികള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ നഗരത്തില്‍ തിരക്ക് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ഐ.എം.എ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നലുകള്‍ ശരിയായ രീതിയില്‍ സ്ഥാപിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടിയെടുക്കാനും എ.ഡി.എം നിര്‍ദ്ദേശിച്ചു.
ജില്ലയില്‍ മിനി എം.സി.എഫുകള്‍ വ്യാപകമാകുന്നതിന്‍റെ ഭാഗമായി ഇതുവരെ 188 മിനി എം.സി.എഫുകളുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ബാക്കിയുള്ളവയുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്നതിനായി തൊഴിലുറപ്പുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വീടുകളില്‍ നിന്നും ശേഖരിക്കുന്ന പാഴ് വസ്‌തുക്കള്‍ ശേഖരിച്ച് താല്‍ക്കാലികമായി സംഭരിച്ചു വെക്കുന്നതിനുള്ള താല്‍ക്കാലിക സംവിധാനമാണ് മിനി എ.സി.എഫുകള്‍.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഒരു ഗ്രാമപഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ക്ക് ഒന്നു വീതം മിനി എം.സി.എഫുകള്‍ നിര്‍മിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ 94 ശതമാനം ഗുണഭോക്താക്കളും രണ്ടാംഘട്ടത്തില്‍ 93.78 ശതമാനം ഗുണഭോക്താക്കളും എഗ്രിമെന്‍റ് ചെയ്തതായി ഹരിതകേരള മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
സ്വന്തമായി ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്കായുള്ള മൂന്നാംഘട്ടത്തില്‍ അര്‍ഹരായ 11635 ഗുണഭോക്താക്കളേയാണ് കണ്ടെത്തി. ഇതിനു പുറമെ 1474 പേര്‍ വിവിധ സംഘടനകള്‍, തദ്ദേശസ്ഥാപനങ്ങള്‍, തുടങ്ങിയവ മുഖേനയും സ്വന്തമായും ഭൂമി വാങ്ങിയിട്ടുണ്ട്. ഇവരില്‍ 1087 ഗുണഭോക്താക്കള്‍ ഭവന നിര്‍മാണം ആരംഭിച്ചതായും അവലോകന യോഗത്തിൽ വ്യക്തമാക്കി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ഡെപ്യൂട്ടി കലക്ടര്‍(ആര്‍.ആര്‍) വി.കെ.രമ, വകുപ്പു മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.