ഇടുക്കി: ലോക്ക്ഡൗൺ കാലത്തെ വീട്ടിൽ ഇരുന്നുള്ള മടുപ്പ് മാറാനും, പണം സമ്പാദിക്കാനുമുള്ള മാർഗം സ്വയം കണ്ടെത്തിയിരിക്കുകയാണ് രാജകുമാരി നടുമറ്റം മെടാട്ടു വീട്ടിൽ അഭിജിത്. കൃത്രിമ ഹാച്ചറി യൂണിറ്റ് സ്വന്തമായി നിർമിച്ചെടുത്ത് കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചാണ് ഈ യുവാവ് വരുമാന മാർഗം കണ്ടെത്തിയിരിക്കുന്നത്.
ചെറിയ ഇൻക്യുബേറ്റർ ഉണ്ടാക്കുന്നത് യുട്യൂബിൽ കണ്ട് കൗതുകം തോന്നിയാണ് അത്തരമൊന്ന് സ്വന്തമായി നിർമിക്കാമെന്ന് അഭിജിത് തീരുമാനിക്കുന്നത്. ഇതിനോടകം 3000ലധികം കോഴിക്കുഞ്ഞുങ്ങളെ അഭിജിത് കൃത്രിമമായി വിരിയിച്ചെടുക്കുകയും വിൽപന നടത്തുകയും ചെയ്തിട്ടുണ്ട്. അന്യം നിന്നുപോയ നാടൻ കോഴിയെയും ഔഷധ ഗുണങ്ങൾ ഏറെ ഉള്ള കരിങ്കോഴികളെയുമാണ് പ്രധാനമായും വിരിയിച്ചെടുത്തത്.
18 മുതൽ 22 ദിവസം വരെയാണ് ഒരു കോഴിമുട്ട വിരിയാൻ എടുക്കുന്ന സമയം. നിലവിൽ ഒരേ സമയം 90 മുട്ട വിരിയിക്കാൻ സാധിക്കുന്ന യൂണിറ്റാണ് അഭിജിത് നിർമിച്ചത്. ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ നിന്നുമാണ് ഇൻക്യുബേറ്റർ നിർമാണത്തിനുള്ള സാമഗ്രികൾ വാങ്ങുന്നത്. തെർമോസ്റ്റാറ്റ്, ഫാൻ, ബൾബ്, ഹീറ്റർ, ടൈമർ മോട്ടർ, അടച്ചുറപ്പുള്ള വലിയ പെട്ടി, വാട്ടർ ഫോഗർ എന്നിവയാണ് അഭിജിത്തിന്‍റെ ഹാച്ചറി യൂണിറ്റ് നിർമാണത്തിലെ പ്രധാന ഭാഗങ്ങൾ.
ALSO READ: ആകാശിന് യാത്രകൾ വെറും സ്വപ്‌നമല്ല, സ്വന്തമായി നിർമിച്ച സൈക്കിൾ ക്യാമ്പറില്‍ ഇന്ത്യയെ തേടും
ഹാച്ചറിയിൽ നിന്നും വിരിഞ്ഞിറങ്ങുന്ന കോഴികളെ അറക്കപ്പൊടി വിതറിയ പ്രത്യേക തരം കൂട്ടിലേക്ക് മാറ്റും. ചൂട് നൽകുവാൻ കൂടിനുള്ളിൽ ലൈറ്റും ക്രമീകരിക്കും. ഒരു നിശ്ചിത വളർച്ച എത്തികഴിഞ്ഞാൽ പിന്നീട് കോഴികളെ മറ്റൊരു കൂട്ടിലേക്ക് മാറ്റും. സഹായത്തിനും കുഞ്ഞുങ്ങളുടെ പരിചരണത്തിനും സഹോദരൻ ആദിത്യനും വീട്ടുകാരും ഒപ്പമുണ്ട്.
കോഴിമുട്ടയും കരിങ്കോഴി കുഞ്ഞുങ്ങളെയും വിൽപന നടത്തുന്നതിനു പുറമേ ആവശ്യക്കാർക്ക് ചെറിയ ഇൻക്യുബേറ്ററും അഭിജിത് നിർമിച്ചു നൽകുന്നുണ്ട്. നിലവിൽ 1500 മുട്ടകൾ ഒരേസമയം വിരിയിച്ചെടുക്കാനുള്ള ഇൻക്യുബേറ്റർ നിർമിക്കുന്ന പണിപ്പുരയിലാണ് ഈ ചെറുപ്പക്കാരൻ.