പാലക്കാട്: നവീകരണത്തിന്‍റെ ഭാഗമായി പൊളിച്ചിട്ട റോഡിലൂടെ ദുരിതയാത്ര നടത്തി പട്ടാമ്പി മുതുതല നിവാസികൾ. പട്ടാമ്പി മുതുതല- പള്ളിപ്പുറം പാതയില്‍ മുതുതല മുതല്‍ കാരക്കുത്തങ്ങാടി വരെയുള്ള ഭാഗമാണ് തകർന്ന് കിടക്കുന്നത്. റബറൈസ്‌ഡ് റോഡ് നിർമാണത്തിന്‍റെ ഭാഗമായാണ് മുൻപ് ഉണ്ടായിരുന്ന പാത പൊളിച്ച് ഈ അവസ്ഥയിലാക്കിയത്. അഞ്ച് മാസം മുൻപാണ് റോഡ് പണി തുടങ്ങിയത്. ഇതുവരെ മൂന്ന് പാലങ്ങളുടെ നിർമാണം മാത്രമാണ് കഴിഞ്ഞത്. ഒന്നര മാസത്തോളമായി റോഡ് പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട്.
മഴ പെയ്താല്‍ റോഡില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. കുഴി തിരിച്ചറിയാൻ കഴിയാതെ ബൈക്ക് യാത്രക്കാർ അപകടത്തില്‍പ്പെടുന്നത് നിത്യ സംഭവമാകുകയാണ്. രണ്ട് കോടി രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്. പൊതുമരാമത്ത് വിഭാഗത്തിനാണ് ഇതിന്‍റെ നിർമാണ ചുമതല. റോഡ് എത്രയും പെട്ടെന്ന് നവീകരിച്ച് യാത്രക്കാരുടെ ദുരിതം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.