പാലക്കാട് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനവുമായി മാത്തൂര്‍ സി എഫ് ഡി അത്‌ലറ്റിക് ക്ലബ്. മെയ് 14, 15 തിയ്യതികളില്‍ നടന്ന മത്സരത്തില്‍ പാലക്കാടാണ് ഓവറോള്‍ ചാമ്പ്യന്മാരായത്. മാത്തൂര്‍ സി എഫ് ഡി അത്‌ലറ്റിക് ക്ലബ്ബിന്‍റെ മികച്ച പ്രകടനങ്ങളാണ് മത്സര തിളക്കത്തിന് പാലക്കാടിന് പിന്തുണയായത്.
ക്ലബ്ബില്‍ നിന്നും മത്സരത്തിനെത്തിയവര്‍ എട്ട് സ്വര്‍ണവും,ഒരു വെള്ളിയും,രണ്ട് വെങ്കലവുമടക്കം 11 മെഡലുകള്‍ കരസ്ഥമാക്കി. രണ്ട് വ്യക്തിഗത ഇനത്തിലും ഒമ്പത് ടീം ഇനത്തിലുമാണ് സംഘം മെഡല്‍ നേടിയത്. 200 മീറ്റർ, 4×100 മീറ്റർ എന്നിവയിൽ സ്വർണവും 100 മീറ്ററിൽ വെങ്കലവും നേടിയ എം മനീഷിന്‍റെ മുന്നേറ്റം ജില്ലയ്ക്ക് വിജയത്തിളക്കമേകി.
also read: 'വലിയ താരങ്ങൾ പോലും ബുദ്ധിമുട്ടാറുണ്ട്'; മോശം പ്രകടനത്തിൽ ന്യായീകരണവുമായി ഇഷാൻ കിഷൻ
4x100,4x400 മീറ്റര്‍ റിലേകളില്‍ പങ്കെടുത്ത സി ജിതേഷ്, ആർ ലൈജു, കെ അജിന്‍, സി ആർ അബ്‌ദുൾ റസാഖ് തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ചവച്ച് സ്വര്‍ണം നേടി. അതേസമയം 4x400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ പങ്കെടുത്ത കെ എ അനാമികയും സ്വര്‍ണം കരസ്ഥമാക്കി. 4×400 മീറ്റർ റിലേയിൽ വെള്ളിയും 4×400 മീറ്റർ മിക്സഡ് റിലേയിൽ വെങ്കലവും നേടി എം അപർണയും ക്ലബ്ബിന്‍റെ കുതിപ്പിന് കരുത്ത് പകര്‍ന്നു.
ജില്ലയുടെ കായികഭൂപടത്തില്‍ വിജയ തിളക്കങ്ങളുമായി മാത്തൂര്‍ സി എഫ് ഡി അത്‌ലറ്റിക് ക്ലബ് സ്ഥാനം പിടിച്ചു. പരിശീലകനായ കെ സുരേന്ദ്രന്‍റെ നേതൃത്വത്തിലായിരുന്നു പ്രകടനങ്ങള്‍.