പാലക്കാട്: അമ്മയുടെ മരണാനന്തര ചടങ്ങിനായി ഭാരതപ്പുഴ കോട്ടായി മുട്ടിക്കടവിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങിമരിച്ചു. കോട്ടായി കൊറ്റമംഗലം ശ്രീവത്സത്തിൽ ജനാർദനൻ (65)ആണ് മരിച്ചത്. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനാണ് ജനാര്‍ദനന്‍.
അമ്മ ചന്ദ്രമതിയമ്മ മരിച്ചതിന്‍റെ ചടങ്ങിന് എത്തിയതായിരുന്നു ജനാർദനൻ. ശനിയാഴ്‌ച വൈകിട്ട് 6.30നാണ് അപകടം. സഹോദരൻ ഗോപിക്കും ബന്ധുക്കള്‍ക്കും ഒപ്പം കുളിക്കാൻ പോയതായിരുന്നു.
കുളിക്കുന്നതിനിടെ കാൽവഴുതി ഒഴുക്കിൽപ്പെട്ട് അമ്പത് മീറ്ററോളം ഒഴുകിപ്പോയി. നാട്ടുകാരും ബന്ധുക്കളും ചേർന്ന് ജനാർദനനെ കരയ്‌ക്കെത്തിച്ചു. കോട്ടായി ചാർവാകം ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി, ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.
അച്ഛൻ: പരേതനായ ഭാസ്‌കരമേനോൻ. ഭാര്യ: ജയന്തി. മക്കൾ: അമിത് (നഴ്‌സ്, മുംബൈ), അനൂപ്. സഹോദരങ്ങൾ: ഗോപി, ശാരദ, രാജൻ.