പാലക്കാട്: അന്താരാഷ്ട്ര വിപണിയിൽ 40 ലക്ഷം രൂപ വിലയുള്ള കറുപ്പുമായി പാലക്കാട് സ്വദേശി പിടിയിൽ. തിരുനെല്ലായി ഒതുങ്ങോട് സ്വദേശി അഫ്‌സലാണ് (42) അറസ്‌റ്റിലായത്. ചന്ദ്രനഗർ മേൽപ്പാലത്തിന് സമീപത്തുനിന്ന് പാലക്കാട് ഡാൻസാഫ് സ്ക്വാഡും ടൗൺ സൗത്ത് പൊലീസും ചേർന്നാണ് പിടികൂടിയത്. പ്രതിയെ ചൊവ്വാഴ്‌ച കോടതിയിൽ ഹാജരാക്കും.
കറുപ്പ് വില്‍ക്കുന്നതായി രഹസ്യവിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നഗരത്തിലെ നിരവധി ഉപഭോക്താക്കളുടെ വിവരം പൊലീസിന് ലഭിച്ചു. പലരും വർഷങ്ങളോളം ഉപയോഗിച്ച് ലഹരിക്ക് അടിമകളായിട്ടുണ്ട്. ഒരു ദിവസംപോലും ഒഴിവാക്കാൻ പറ്റാത്ത അവസ്ഥയിലുള്ളവരുമുണ്ടെന്ന് പൊലീസ് പറയുന്നു. ഉയർന്ന വില നൽകിയാണ് പലരും കറുപ്പ് സ്വന്തമാക്കുന്നത്. കൂലിപ്പണി ചെയ്യുന്ന തൊഴിലാളികളാണ് ഉപഭോക്താക്കളിൽ അധികവും.
പോപ്പി കായയിൽ നിന്നുള്ള പാലിൽനിന്നാണ് കറുപ്പ് വേർതിരിച്ചെടുക്കുന്നത്. അതിമാരക ലഹരി വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇവ രാജസ്ഥാനിൽനിന്നുള്ള കറുപ്പ് ഇടനിലക്കാരാണ് അഫ്‌സലിന് എത്തിച്ചുകൊടുക്കുന്നത്. ചോദ്യം ചെയ്തതിൽ ഉറവിടത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുള്ളതായും തുടരന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ALSO READ: അനുജൻ മദ്യപിച്ചെത്തി സഹോദരനെ കുത്തിക്കൊന്നു