പാലക്കാട്: മഹിള മോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യ രമേഷ് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ചേർക്കപ്പെട്ട ബിജെപി പ്രവർത്തകൻ കാളിപ്പാറ സ്വദേശി പ്രജീവ് (36) പിടിയിൽ. ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിൽ ഇയാള്‍ കീഴടങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബിജെപി സംസ്ഥാന, ജില്ലാ നേതാക്കൾ ശരണ്യയെ ശകാരിച്ചതായി പ്രജീവ് മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി പരിപാടിക്ക് ആളുകൾ കുറഞ്ഞതിൽ ശരണ്യയ്ക്ക് പഴികേൾക്കേണ്ടിവന്നു. ശരണ്യയുടെ ആത്മഹത്യ കുറിപ്പിൽ പ്രജീവാണ് മരണത്തിന് ഉത്തരവാദിയെന്ന് വ്യക്താക്കിയിട്ടുണ്ട്. പ്രജീവ് പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും ബന്ധുക്കളുടെ വീടുകളിലും നോർത്ത് പൊലീസ് തെരച്ചിൽ നടത്തിയിരുന്നു.
ശരണ്യയുടെ ആത്മഹത്യ കുറിപ്പ് പൊലീസിന് കിട്ടിയത് മുതൽ പ്രജീവ് ഒളിവിലായിരുന്നു. ആത്മഹത്യ പ്രേരണക്കുറ്റമാണ് പ്രജീവിനെതിരെ ചുമത്തിയത്. ശരണ്യയുടെ ബന്ധുക്കളുടെ മൊഴി പ്രജീവിനെതിരായിരുന്നു. ബിജെപി മുൻ ബൂത്ത് പ്രസിഡന്‍റാണ് പ്രജീവ്. ഞായർ വൈകിട്ടാണ് മാട്ടുമന്തയിലെ വാടകവീട്ടിൽ ശരണ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്നതുമുതൽ കേസ് ഒതുക്കി തീർക്കാൻ ബിജെപി നേതാക്കൾ ഇടപെട്ടിരുന്നതായും ആരോപണമുണ്ട്.
ബിജെപി ഓഫീസിൽവച്ച് ശരണ്യയെ നേതാക്കൾ ശകാരിച്ചെന്ന് പ്രതി: 'ആ കുട്ടിയും (ശരണ്യ) ഞാനും ഇഷ്ടത്തിലായിരുന്നു. ശരണ്യ നിരന്തരം വീട്ടിലേക്ക് വരാറുണ്ട്, അങ്ങിനെയാണ് പരിചയപ്പെട്ടത്. നേതാക്കളുടെ ഗ്രൂപ്പുകളി കാരണമാണ് ആ കുട്ടിക്ക് അങ്ങനെ ചെയ്യേണ്ടിവന്നത്' പ്രജീവ് പറഞ്ഞു. മണ്ഡലം പ്രസിഡന്‍റും കെ സ്‌മിതേഷ്, മഹിള മോർച്ച മണ്ഡലം പ്രസിഡന്‍റ് നിഷ രഞ്ചത്ത് ബിജെപി ഓഫീസിൽ വച്ച് ശരണ്യയെ കുറെയധികം ശകാരിച്ചു. എന്തുകൊണ്ടാണ് സംഘടന പ്രവർത്തനങ്ങൾക്ക് വരാത്തതെന്ന് ചോദിച്ചായിരുന്നു ശകാരം.
അത് ശരണ്യക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കി. സംസ്ഥാന നേതാക്കളും ശകാരിച്ചിട്ടുണ്ട്. അക്കാര്യം ശരണ്യ തന്നോട് സങ്കടത്തോടെ പറഞ്ഞിട്ടുണ്ട്. എല്ലാത്തിന്‍റേയും റെക്കോഡ് ഭാര്യയുടെ കൈയിലുണ്ട്. കുട്ടിയെ ശകാരിക്കുന്നത് ഞാൻ എതിർത്തപ്പോൾ എന്നെ അപായപ്പെടുത്താൻ നേതാക്കള്‍ ശ്രമിച്ചു. ഇതിന്‍റെ ഭാഗമായി തന്‍റെ ഭാര്യയ്ക്ക് ചില ഫോട്ടോകള്‍ നേതാക്കള്‍ അയച്ചുകൊടുത്തു. ഈ ഫോട്ടോകള്‍ ഭാര്യയുടെ കൈയിലുണ്ട്.
നേതാക്കള്‍ ശരണ്യയെ പേടിപ്പിച്ച് തന്‍റെ പേരെഴുതി വെപ്പിച്ച ശേഷം കൊന്നതാണ്. എല്ലാം ഞാൻ പൊലീസിനോട് പറയും. ഇതുപോലെ ഒരു നിരപാധിയെയും വേട്ടയാടാൻ പാടില്ല. ഒരു സ്ത്രീയെയും വേട്ടയാടാൻ പാടില്ല. ഒരുപാടു പേർക്ക് ഈ അവസ്ഥ വരും. പണം നല്‍കി ബിജെപി പ്രവര്‍ത്തകരെ കുടുക്കുകയാണെന്നും പ്രജീവ് സ്റ്റേഷനിൽ കീഴടങ്ങും മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു.