പാലക്കാട്: രാജ്യാന്തര മത്സരങ്ങളിൽ കായിക കേരളത്തിന് അഭിമാനമായി മാറിയ നിരവധി താരങ്ങൾ പിറവിയെടുത്ത മണ്ണാണ് അട്ടപ്പാടി. മികച്ച പരിശീലനത്തിനാവശ്യമായ നിലവാരമുള്ള ഗ്രൗണ്ടുകളുടെ അഭാവത്തിൽ നിന്നും ഇവർ നേടിയെടുത്ത മെഡലുകൾക്ക് പത്തരമാറ്റ് തിളക്കമുണ്ട്. 1994 മുതൽ അഗളി ഗവൺമെന്‍റ് സ്ക്കൂളിൽ നിന്നും പഠിച്ചിറങ്ങിയവർ കായിക ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. എന്നാൽ കായിക പ്രേമികൾക്ക് വളരുവാനുള്ള അന്തരീക്ഷം അട്ടപ്പാടിയിൽ ഇല്ലായിരുന്നു. പുറമേയുള്ള സ്ക്കൂളുകളിൽ ചേർന്ന് പരിശീലനം നടത്തുക എന്നത് മാത്രമായിരുന്നു ഇവർക്ക് മുമ്പിലുണ്ടായിരുന്ന പോംവഴി.
കായികപ്രേമികളായ പല താരങ്ങളും അത്തരത്തിൽ പറിച്ചു മാറ്റപ്പെട്ടു. വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഇപ്പോഴും അട്ടപ്പാടിയിൽ സ്ഥിതിഗതികൾക്ക് മാറ്റമില്ല. സർക്കാർ പദ്ധതികൾ നടപ്പിലാക്കിയതോടെ ഗ്രൗണ്ടുകളുടെ എണ്ണം കുറഞ്ഞു തുടങ്ങി. നാല് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിച്ചെങ്കിലും പേരിനുപോലുമുള്ള കളിക്കളങ്ങൾ അവിടങ്ങളിൽ ഇല്ലായിരുന്നു. കുടുംബശ്രീ പ്രവർത്തകരെ ഉപയോഗിച്ച് ഊരുകളോട് ചേർന്നുള്ള കളിക്കളങ്ങൾ അട്ടപ്പാടി നോഡൽ ഓഫീസർ അർജുൻ പാണ്ഡ്യ ഐഎഎസ് സഞ്ജമാക്കിയ നടപടിയും എല്ലാ വില്ലേജുകൾക്കു കീഴിലും കളിക്കളങ്ങൾ ഒരുക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനവും ഇവിടുത്തുകാർ നെഞ്ചേറ്റിയിരിക്കുകയാണ്. അധികം വൈകാതെ ഈ പ്രഖ്യാപനം നടപ്പാകുമെന്ന പ്രതീക്ഷയിലാണ് കായിക പ്രേമികൾ.