പാലക്കാട്: തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമ ഭേദഗതിക്കെതിരായി പത്രപ്രവർത്തക യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി പ്രതിഷേധയോഗം ചേർന്നു. പ്രസ് ക്ലബ് ഹാളിൽ നടന്ന യോഗത്തിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി കെ ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ, ഐഎൻടിയുസി നേതാവ് മനോജ് ചീങ്ങന്നൂർ, എഐടിയുസി സംസ്ഥാന സെക്രട്ടറി കെ മല്ലിക, ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്‍റ് എ ആർ മണികണ്ഠൻ എന്നിവർ സംസാരിച്ചു.
തൊഴിലാളികളെ മനുഷ്യരായി പോലും പരിഗണിക്കാത്ത നിയമങ്ങളാണ് കേന്ദ്രം നടപ്പിലാക്കാൻ പോകുന്നതെന്ന് എം ഹംസ പറഞ്ഞു. തൊഴിലാളികളുടെ ജീവിത സൂചിക പരിഗണിക്കാതെയാണ് കേന്ദ്ര സർക്കാർ മിനിമം കൂലി തീരുമാനിക്കുന്നതെന്നും ഇത് രാജ്യത്തെ കോർപ്പറേറ്റുകൾക്ക് അടിയറവു വെക്കുന്ന സമീപനമാണെന്നും മനോജ് ചീങ്ങന്നൂർ അഭിപ്രായപ്പെട്ടു. സർക്കാരിന്റെ തെറ്റായ തൊഴിൽ നയങ്ങൾക്കെതിരായ ട്രേഡ് യൂണിയൻ പ്രക്ഷോഭങ്ങളുടെ ഭാഗമാകാനുള്ള പത്രപ്രവർത്ത യൂണിയന്റെ തീരുമാനം അഭിനന്ദനാർഹമാണെന്നും തൊഴിലാളി സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു.