പാലക്കാട്: സാധാരണക്കാരന് കുറഞ്ഞ ചെലവിൽ ഭക്ഷണം വിളമ്പുന്ന കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സർക്കാർ 99,97,510 രൂപ കൂടി സബ്‌സിഡി നൽകി. ഈ സാമ്പത്തിക വർഷത്തെ ആദ്യ ഗഡുവാണ് ഇത്. ഇതോടെ നിലവിൽ ജില്ലയിൽ കുടിശ്ശികയില്ല.
കഴിഞ്ഞ വർഷം 4.5 കോടി രൂപയാണ് സബ്‌സിഡിയായി ജനകീയ ഹോട്ടലുകൾക്ക് ലഭ്യമായത്. അരിയും പലചരക്കും ഉൾപ്പെടെ അവശ്യ സാധനങ്ങൾക്ക് ജിഎസ്‌ടി ഏർപ്പെടുത്തി കേന്ദ്രസർക്കാർ സാധാരണക്കാർക്ക് ദുരിതം നൽകുമ്പോഴും കുടുംബശ്രീ ഊണിന് വില വർധിപ്പിച്ചിട്ടില്ല. ജില്ലയിൽ 102 ജനകീയ ഹോട്ടലുകളാണ് കുറഞ്ഞ നിരക്കിൽ ദിവസവും ആയിരങ്ങൾക്ക് ഭക്ഷണം വിളമ്പുന്നത്.
ഒരു ഊണിന് സർക്കാർ കുടുംബശ്രീ വഴി 10 രൂപ സബ്‌സിഡി നൽകുന്നു. 10.90 രൂപയ്‌ക്ക് സിവിൽ സപ്ലൈസ് വകുപ്പിൽ നിന്ന് അരിയും ലഭിക്കും. ഒരുമാസം ഒരു ജനകീയ ഹോട്ടലിന് 600 കിലോ അരി സബ്‌സിഡി നിരക്കിൽ ലഭിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഹോട്ടൽ ആരംഭിക്കാൻ അടിസ്ഥാന സൗകര്യമൊരുക്കുന്നത്. നടത്തിപ്പ് കുടുംബശ്രീയും. ഹോട്ടലിൽ ഇരുന്ന് ഊണിന് 20 രൂപയും പാഴ്‌സലിന് 25 രൂപയുമാണ് വില. ഊണിനൊപ്പം മീനോ മറ്റ് കറികളോ ആവശ്യമുണ്ടെങ്കിൽ അധിക തുക നൽകണം.
2020ൽ കൊവിഡ് കാലത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും ചേർന്ന് ആരംഭിച്ച സമൂഹ അടുക്കളയുടെ തുടർച്ചയായാണ് ജനകീയ ഹോട്ടലിന് തുടക്കമിട്ടത്. വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി ഒരു പഞ്ചായത്തിൽ കുറഞ്ഞത് ഒരു ഹോട്ടൽ എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ജില്ലയിൽ പല പഞ്ചായത്തുകളിലും നഗരസഭകളിലും ഒന്നിൽ കൂടുതൽ ജനകീയ ഹോട്ടലുണ്ട്. വിശക്കുന്നവന് വയർ നിറയെ ഭക്ഷണം നൽകുന്നതിലുപരി ആയിരക്കണക്കിന് കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിലും വരുമാനവും കൂടി ഉറപ്പാക്കുന്നു ജനകീയ ഹോട്ടൽ.