പാലക്കാട്: ലോക്ക് ഡൗൺ നീണ്ടുപോകുന്ന സാഹചര്യത്തിൽ വിരസതയകറ്റാൻ പച്ചക്കറി കൃഷി നടത്തി യുവാക്കൾ. പട്ടാമ്പി കിഴായൂർ വെള്ളിലപെട്ടി ക്ഷേത്രത്തിൻ്റെ വളപ്പിലാണ് പ്രദേശത്തെ യുവാക്കൾ പച്ചക്കറി കൃഷി ആരംഭിച്ചത്. ലോക്ക് ഡൗണിൽ ക്ഷേത്രത്തിൽ തിരകൊഴിഞ്ഞതോടെ മേൽശാന്തിയും കൃഷിക്ക് നേതൃത്വം വഹിച്ച് കൂടെയുണ്ട്.
പട്ടാമ്പി കിഴായൂർ വെള്ളിലപ്പെട്ടി ക്ഷേത്രത്തിൻ്റെ ഒഴിഞ്ഞു കിടന്ന സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്യുന്നത്. ഉപയോഗയോഗ്യമല്ലാതെ കിടന്നിരുന്ന സ്ഥലം കിളച്ച് കൃഷിയോഗ്യമാക്കി. വിത്തിടലും പരിപാലനവുമൊക്കെ ഇവർ തന്നെ ഏറ്റെടുത്തു.
വെണ്ട, ചീര, മത്തൻ, പടവലം, കുമ്പളം, ചേന, പയർ തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളുടെയും വിത്ത് നട്ടു. തദ്ദേശ സ്ഥാപനങ്ങളിലെ കൃഷി ഭവനുകളിൽ നിന്നും കാർഷിക സർവകലാശാലയിൽ നിന്നുമാണ് വിത്തുകൾ ലഭ്യമാക്കിയത്. ഏതു സമയവും ജല സമൃദ്ധമായ ക്ഷേത്രക്കുളവും ഉള്ളതിനാല്‍ കൃഷിക്കുള്ള ജലസേചനവും ഉറപ്പാക്കിയിട്ടുണ്ട്.