പാലക്കാട്: യുദ്ധഭൂമിയിൽ നിന്ന് മകൾ ലക്ഷ്‌മി മടങ്ങിയെത്തിയതോടെ അച്ഛനമ്മമാരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. പാലക്കാട് വലിയപാടം സ്വദേശി സുരേഷ് കുമാർ മേനോന്‍റെയും അർച്ചനയുടെയും മകൾ ലക്ഷ്‌മിയാണ് ഞയറാഴ്‌ച ആദ്യ രക്ഷാദൗത്യ സംഘത്തിനൊപ്പം ജന്മനാട്ടിലെത്തിയത്. യുക്രൈനിലുള്ള സഹോദരൻ ഗിരീഷ് മേനോനെ കൂടി നാട്ടിലെത്തിക്കണമെന്നതാണ് കുടുംബത്തിന്‍റെ ആവശ്യം.
'ഒരാഴ്‌ചത്തേക്കുള്ള ഭക്ഷണ സാധനം മാത്രമാണുണ്ടായിരുന്നത്. എടിഎമ്മുകൾ കാലിയാകുന്നതായി വിവരം ലഭിച്ചു. 30 കിലോമീറ്റർ അകലെയുള്ള നഗരത്തിൽ സ്ഫോടനമുണ്ടായി. എങ്ങും ആളുകളുടെ പരക്കംപാച്ചിൽ മാത്രം', ദുരന്തമുഖത്തായിരുന്നപ്പോഴുള്ള അനുഭവം പങ്കുവയ്‌ക്കുകയാണ് ലക്ഷ്‌മി.
ALSO READ: യുദ്ധഭൂമിയിൽ നിന്നും മകൾ തിരികെയെത്തിയ സന്തോഷത്തിൽ കുടുംബം
നാട്ടിലേക്കുള്ള ആദ്യ സംഘത്തിന്‍റെ ലിസ്റ്റിൽ സഹോദരന്‍റെ പേരുണ്ടാവാത്തത് ഏറെ വിഷമമുണ്ടാക്കി. ഉടൻ മടങ്ങിയെത്തുമെന്ന് പറഞ്ഞാണ് ഗിരീഷ് യാത്രയാക്കിയത്. താൻ മടങ്ങിയെത്തിയതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ലക്ഷ്‌മി നന്ദി അറിയിച്ചു.
യുക്രൈന്‍റെ പടിഞ്ഞാറൻ മേഖലയിലെ ചെർണിവസിയിലെ ബുക്കോവിനിയൻ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ എംബിബിഎസ് മൂന്നാം വർഷ വിദ്യാർഥിയാണ് ലക്ഷ്‌മി. സഹോദരൻ ഗിരീഷ് മേനോൻ ഇതേ യൂണിവേഴ്‌സിറ്റിയിൽ അഞ്ചാംവർഷ വിദ്യാർഥിയാണ്.
ശനിയാഴ്‌ച രാത്രി ലക്ഷ്‌മി മുംബൈയിലെത്തി. കേരളഹൗസിൽ താമസിച്ചു. ഞായർ പകൽ ഒന്നിന് കൊച്ചി നെടുമ്പാശേരി വിമാനത്തിലെത്തിയ ലക്ഷ്‌മിയെ വീട്ടിലേക്ക് കൊണ്ടുവരാൻ രക്ഷിതാക്കൾ വിമാനത്താവളത്തിലെത്തി. വൈകാതെ മകനും നാട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം.