പാലക്കാട്: കഞ്ചിക്കോട് സ്റ്റീല്‍ ഫാക്‌ടറിയിലെ ഫർണസ് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവത്തിൽ കമ്പനിയുടെ ജനറൽ മാനേജരെ പൊലീസ് അറസ്റ്റ് ചെയ്‌തു. തൃശൂർ ചാലക്കുടി സ്വദേശി ജിയോ ജോസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ജൂണ്‍ 20നാണ് സ്റ്റീല്‍ ഫാക്‌ടറിയില്‍ പൊട്ടിത്തെറിയുണ്ടായത്.
മനപൂര്‍വമല്ലാത്ത നരഹത്യയ്‌ക്കാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത കമ്പനി ജനറല്‍ മാനേജര്‍ ജിയോ ജോസിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. പാലക്കാട് കോടതിയില്‍ ആയിരുന്നു ഇയാളെ അന്വേഷണസംഘം എത്തിച്ചത്.
സ്റ്റീല്‍ ഫാക്‌ടറിയില്‍ പൊട്ടിത്തെറി ഉണ്ടായതിന് പിന്നാലെ കമ്പനി പ്രവര്‍ത്തിച്ചിരുന്നത് യാതൊരു തരത്തിലുമുള്ള സുരക്ഷ ക്രമീകരണങ്ങളും ഇല്ലാതെ ആയിരുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തില്‍ സുരക്ഷ വീഴച ഉണ്ടായതായി കണ്ടെത്തി. പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്‌ടറിയില്‍ ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ സുരക്ഷ വീഴ്‌ച കണ്ടെത്തിയ സാഹചര്യത്തിലാണ് കമ്പനിയുടെ ജനറൽ മാനേജരെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ ചൊവ്വാഴ്‌ച (ജൂണ്‍ 20) പുലര്‍ച്ചെ 5:30ഓടെയാണ് കഞ്ചിക്കോട്ടുള്ള സ്റ്റീല്‍ ഫാക്‌ടറിയില്‍ പൊട്ടിത്തെറിയുണ്ടായത്. ഫര്‍ണസ് ആണ് പൊട്ടിത്തെറിച്ച് തീ പടര്‍ന്നത്. സംഭവസ്ഥലത്ത് വച്ച് തന്നെ ഒരാള്‍ മരിച്ചിരുന്നു.
പത്തനംതിട്ട സ്വദേശിയായ അരവിന്ദന്‍ എന്നയാളാണ് മരിച്ചത്. മൂന്ന് അതിഥി തൊഴിലാളികള്‍ക്ക് പൊട്ടിത്തെറിയില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവര്‍ ഇപ്പോഴും പാലക്കാട് ജില്ല ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
അപകടം നടന്നതിന് പിന്നാലെ നാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു ആദ്യം രക്ഷാപ്രവര്‍ത്തനം നടന്നത്. ഇവരാണ് രക്ഷപ്പെട്ട മൂവരെയും ആശുപത്രിയില്‍ എത്തിച്ചത്.
ടാറ്റ സ്റ്റീല്‍ പ്ലാന്‍റില്‍ സ്‌ഫോടനം: ഒഡിഷയില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റ സ്റ്റീല്‍ ലിമിറ്റഡ് പ്ലാന്‍റില്‍ (Tata Steel) സ്‌ഫോടനം. സംഭവത്തില്‍ പ്ലാന്‍റിലെ 19 ജീവനക്കാര്‍ക്ക് പൊള്ളലേറ്റു. ജൂണ്‍ 13നായിരുന്നു സ്‌ഫോടനം ഉണ്ടായത്.
തെഹാങ്കല്‍ ജില്ലയിലെ മേരമണ്ഡലിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ പ്ലാന്‍റില്‍ ഉച്ചയ്‌ക്ക് ഒരു മണിയോടെ ആയിരുന്നു സ്‌ഫോടനം ഉണ്ടായത്. പ്ലാന്‍റില്‍ നിന്നും വാതകം ചോരുകയും പിന്നാലെ സ്റ്റീം പൈപ്പ് പൊട്ടിത്തെറിക്കുകയും ആയിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സാധിച്ചിരുന്നുവെന്ന് കമ്പനി പിന്നാലെ അറിയിച്ചിരുന്നു.
More Read : ഒഡിഷയിലെ ടാറ്റ സ്റ്റീൽ പ്ലാന്‍റിൽ സ്ഫോടനം ; 19 തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു
ഹോം തിയേറ്റർ പൊട്ടിത്തെറിച്ച് രണ്ട് മരണം : ഛത്തീസ്‌ഗഡ് കവര്‍ധയില്‍ ഹോം തിയേറ്റര്‍ പൊട്ടിത്തറിച്ച് രണ്ട് മരണം ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് ഈ സംഭവം ഉണ്ടായത്. കവർധ ജില്ലയിലെ രെംഗഖർ പ്രദേശത്തിന് സമീപത്തെ ചമാരി ഗ്രാമത്തില്‍ ആയിരുന്നു ഈ അപകടം ഉണ്ടായത്. ഹേമേന്ദ്ര മെരാവി എന്ന വ്യക്തിയും ഇയാളുടെ ബന്ധുവുമാണ് അപകടത്തില്‍ മരിച്ചത്.
ഈ സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ അപകടം നടക്കുന്നതിന് രണ്ട് ദിവസം മുന്‍പായിരുന്നു ഹേമേന്ദ്ര വിവാഹിതനായത്. പൊട്ടിത്തെറിച്ച ഹോം തിയേറ്റര്‍ ഇയാള്‍ക്ക് വിവാഹ സമ്മാനമായി ലഭിച്ചതാണ്.
More Read : ജീവനെടുത്ത് വിവാഹ സമ്മാനം; ഹോം തിയേറ്റർ പൊട്ടിത്തെറിച്ച് നവവരനും ബന്ധുവും മരിച്ചു