പാലക്കാട്: എൽഡിഎഫ് സർക്കാരിന്‍റെ അഭിമാന പദ്ധതികളിലൊന്നായ കെ.ഫോൺ ജില്ലയിൽ സമ്പൂർണതയിലേക്ക്. ജില്ലയിലെ 975 സർക്കാർ സ്ഥാപനങ്ങളിലും കെ ഫോൺ സ്ഥാപിച്ച് ഇന്റർനെറ്റ് സേവനം ആരംഭിച്ചു. കെ ഫോണിനുള്ള ഒപ്റ്റിക്കൽ ഗ്രൗണ്ട് വയറുകൾ സ്ഥാപിക്കുന്ന ജോലി ഉടൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭൂമിക്കടിയിലൂടെ വലിക്കേണ്ട 275 കിലോമീറ്ററിൽ 274 കിലോമീറ്റർ ഇതുവരെ പൂർത്തിയായിട്ടുണ്ട്. കൊവിഡ് മൂലം വൈകിയ പ്രവൃത്തി ഇപ്പോൾ അതിവേഗം പുരോഗമിക്കുകയാണ്. കെഎസ്ഇബി വൈദ്യുതത്തൂണുകളിലൂടെ കെ ഫോണിന്‍റെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തി 50 ശതമാനം പൂർത്തിയായി.
ആകെ 2,640 കിലോ മീറ്ററിലാണ് കേബിൾ വലിക്കേണ്ടത്. ഇതിൽ 1,235 കിലോമീറ്ററും പണി തീർന്നു. മേൽപ്പാലങ്ങൾ, റെയിൽപ്പാളങ്ങൾ എന്നിവയ്‌ക്ക് മുകളിലൂടെ വയർ വലിക്കുമ്പോൾ ഉണ്ടാകുന്ന തടസങ്ങളെല്ലാം സമയബന്ധിതമായി നീക്കിയാണ് പ്രവർത്തനം.
മെയ് മാസത്തിൽ തന്നെ ജില്ലയിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും കെ ഫോൺ എത്തും. ജില്ലയിൽ ആകെ 1990 സർക്കാർ സ്ഥാപനങ്ങളിലാണ് കെ ഫോൺ സ്ഥാപിക്കുന്നത്. ഉടൻ എല്ലാ ഓഫീസുകളിലും നെറ്റ്‌വർക്ക് സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാകുമെന്ന് പദ്ധതി നടപ്പാക്കുന്ന കേരള സ്‌റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് അധികൃതർ അറിയിച്ചു.
കേരള സ്‌റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രക്‌ടർ ലിമിറ്റഡും കെഎസ്ഇബിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വൈദ്യുതിത്തൂണുകളിലൂടെ വലിക്കുന്ന കേബിളുകളിൽ സ്ട്രീറ്റ് ബോക്‌സുകൾ (പോയിന്റ് ഓഫ് പ്രസന്റ്‌സ്)ഘടിപ്പിച്ചാണ് കണക്‌ഷൻ നൽകുന്നത്. ജില്ലയിൽ 39 ബോക്‌സുകൾ സ്ഥാപിക്കേണ്ടതിൽ 21 എണ്ണത്തിന്റെയും പ്രവൃത്തി തീർന്നു. കാക്കനാട് ഇൻഫോ പാർക്കിലാണ് സംസ്ഥാനത്തെ കെ ഫോൺശൃംഖലയുടെ നെറ്റ്‌വർക്ക് ഓപ്പറേഷൻ സെന്‍റർ (എൻഒസി).
ജില്ലയിലെ കേബിൾ ശൃംഖലയിലെ പ്രധാന കേന്ദ്രം (കോർപോപ്) പറളിയിലാണ്. ഒറ്റപ്പാലം, പത്തിരിപ്പാല, പഴയന്നൂർ, വെണ്ണക്കര, നെന്മാറ, കണ്ണംപുള്ളി, വടക്കഞ്ചേരി, ചിറ്റടി തുടങ്ങിയ ഉപകേന്ദ്രങ്ങൾവഴിയാണ് കൂടുതൽ പ്രദേശങ്ങളിലേക്ക് കേബിൾ ശൃംഖല എത്തിക്കുന്നത്. ഈ പ്രദേശങ്ങളിലെ സർക്കാർ സ്ഥാപനങ്ങൾക്കും അക്ഷയ സെന്‍ററുകൾക്കും സ്‌കൂളുകൾക്കും കണക്‌ഷൻ നൽകാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.
കനത്ത ചൂടാണ് പദ്ധതി വൈകിപ്പിച്ചത് കെ ഫോണിന് കെഎസ്ഇബിയുടെ വൈദ്യുതത്തൂണുകളിലൂടെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ വലിക്കാൻ ഓരോ പ്രദേശത്തും ശരാശരി അഞ്ച് മണിക്കൂർ വൈദ്യുതി വിഛേദിക്കണം. കനത്ത ചൂട് കാലത്ത് ഇത്രയും നേരം വൈദ്യുതി മുടക്കുന്നത് ഒഴിവാക്കാനാണ് പ്രവൃത്തി പതുക്കെയാക്കിയത്. ഇപ്പോൾ വീണ്ടും പ്രവർത്തനം വേഗത്തിലാക്കിയിട്ടുണ്ട്.