പാലക്കാട്: മലമ്പുഴയില്‍ റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം ഈ മാസം 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അകത്തേത്തറ, പട്ടാമ്പിയിലെ വാടാനാംകുറുശി റെയിൽവേ മേൽപ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനമാണ് നടക്കാനിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റെ പ്രധാന വാഗ്‌ദാനമായിരുന്നു വാടാനാംകുറുശി റെയിൽവേ മേൽപ്പാലം. വിഎസ് അച്യുതാനന്ദൻ നൽകിയ ഉറപ്പ് യാഥാർഥ്യമാകുന്നതോടെ അകത്തേത്തറ നിവാസികളുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമാകും. പാലംപണി തുടങ്ങണമെന്ന് ആവശ്യപ്പെട്ട് അഞ്ചുതവണ വിഎസ് നിയമസഭയിൽ സബ്‌മിഷൻ ഉന്നയിച്ചിരുന്നു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രദേശത്തെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്ന് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ പറഞ്ഞു.
പാലക്കാട് ജങ്‌ഷൻ–കോയമ്പത്തൂർ റെയിൽപ്പാതയ്‌ക്ക് കുറുകെ അകത്തേത്തറ നടക്കാവിൽ നിർമിക്കുന്ന പാലം ഒരുവർഷംകൊണ്ട് പൂർത്തിയാക്കും. പാലത്തിനായി എൽഡിഎഫ് സർക്കാരിന്‍റെ ആദ്യ ബജറ്റിൽ കിഫ്‌ബിയിൽ നിന്നും 38 കോടി അനുവദിച്ചിരുന്നു. കല്ലേക്കുളങ്ങര ആർച്ച് മുതൽ ആണ്ടിമഠം വരെ 690 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുന്നത്. സ്റ്റീൽ ഉപയോഗിച്ച് നിർമിക്കുന്ന പാലത്തിന് 10.90 മീറ്റർ വീതിയുണ്ടാവും.