കഞ്ചിക്കോട് വ്യാജമദ്യ ദുരന്തം; ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല - hooch tragedy in palakkad
സാധാരണ ഇത്തരം മദ്യദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക പതിവാണ്. എന്നാൽ ആദിവാസികൾ മരിച്ച സംഭവത്തിൽ അത് ഉണ്ടാകാത്തത് ഖേദകരമാണ്.
പാലക്കാട്:കഞ്ചിക്കോട് ആദിവാസി കോളനിയിൽ വ്യാജമദ്യം കഴിച്ച് അഞ്ചുപേർ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിച്ചത് വ്യാജമദ്യം ആണോ ലഹരിക്കായി ഉപയോഗിക്കുന്ന മറ്റേതെങ്കിലും വസ്‌തുക്കളാണോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്.
കഞ്ചിക്കോട്ടെ വ്യവസായ ശാലകളിലേക്ക് കൊണ്ടുവന്ന സ്‌പിരിറ്റ് കഴിച്ചാണ് ഇവർ മരിച്ചതെന്നും ആക്ഷേപമുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തത വരണമെങ്കിൽ ജുഡീഷ്യൽ അന്വേഷണം അനിവാര്യമാണ്. സാധാരണ ഇത്തരം മദ്യദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക പതിവാണ്. എന്നാൽ ആദിവാസികൾ മരിച്ച സംഭവത്തിൽ അത് ഉണ്ടാകാത്തത് ഖേദകരമാണ്. അതിനാൽ ഇക്കാര്യത്തിൽ അടിയന്തരമായ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം അടിയന്തര സഹായം നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.