പാലക്കാട് : വാളയാർ മാൻപാർക്കിന് സമീപം പതിനാലാംകല്ലിലെ വ്യവസായ ശാലയിൽ തീപിടിത്തം. ജയന്തി ഗ്രൂപ്പ് ഓഫ് ഇന്ത്യൻ പ്രോഡക്‌ട് പ്രൈവറ്റ് ലിമിറ്റഡിന്‍റെ കെട്ടിടത്തിൽ ഇന്നലെ രാവിലെ പത്തോടെയാണ് തീപിടിത്തമുണ്ടായത്. പ്രവർത്തിച്ചുകൊണ്ടിരുന്ന തെർമിക് ഫ്ലൂയിഡ് വാൽവ് ലീക്കായതാണ് തീപിടിത്തത്തിന്‍റെ കാരണം.
തീപിടിത്തത്തിൽ ആളപായമില്ല.അപകടത്തിന്‍റെ നാശനഷ്‌ടം കണക്കാക്കിയിട്ടില്ല. കഞ്ചിക്കോട് നിന്നും പാലക്കാട് നിന്നും രണ്ട് യൂണിറ്റ് വീതം അഗ്നിരക്ഷാസേന വ്യവസായശാലയിലെത്തി ഫോം കോമ്പൗണ്ട് ഉപയോഗിച്ച് തീയണച്ചു. അതിസാഹസികമായി വാൽവ് അടച്ച് അപകടാവസ്ഥ ഒഴിവാക്കി.
മുഴുവൻ ജീവനക്കാരും പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. തീയണക്കൽ ഒരു മണിക്കൂറിലധികം തുടർന്നു. പ്രദേശത്ത് പുക ഉയർന്നത് ദേശീയപാതയിലെ യാത്രക്കാർക്ക് ദുരിതമായി.
കഞ്ചിക്കോട് അഗ്നിരക്ഷാനിലയം സ്‌റ്റേഷൻ ഓഫിസർ ആർ ഹിതേഷ്, അസിസ്‌റ്റന്‍റ് സ്‌റ്റേഷൻ ഓഫിസർ ടി ആർ രാകേഷ്, ഗ്രേഡ് അസിസ്‌റ്റന്‍റ് സ്‌റ്റേഷൻ ഓഫിസർ എം രമേഷ്‌കുമാർ, ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർമാരായ എം സുഭാഷ്, ഡി സജിത്ത്, സി കലാധരൻ, ഐ മുജീബ് റഹ്‌മാൻ, എസ് സുബീർ, ഹോംഗാർഡ്‌മാരായ ആർ പ്രതീഷ്, ആർ നാഗദാസൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.