പാലക്കാട് : വണ്ടാഴി ചന്ദനാംപറമ്പ് അയ്യപ്പൻവിളക്ക് മഹോത്സവത്തിനിടെ ആനകൾ ഇടഞ്ഞ് 5 പേർക്ക് പരിക്കേറ്റു. ആനപ്പുറത്ത് ഉണ്ടായിരുന്ന കിഴക്കഞ്ചേരി പുന്നപ്പാടം സ്വദേശി അജിത്ത് (22), ഇളവംപാടം സ്വദേശി വൈശാഖ് (25), എരിക്കിൻചിറ ജിത്തു ( 22) എന്നിവർക്കും വണ്ടാഴി സ്വദേശിനി തങ്കമണി (67), ആനയുടെ പാപ്പാൻ എന്നിവർക്കുമാണ് പരിക്കേറ്റത്.
ചിറക്കൽ ശബരീനാഥൻ എന്ന ആനയാണ് ആദ്യം ഇടഞ്ഞത്. പിന്നാലെ നന്തിലത്ത് ഗോപാലകൃഷ്‌ണൻ എന്ന ആനയും വിരണ്ടു. എഴുന്നള്ളത്തിന് എത്തിച്ച മൂന്ന് ആനകളിൽ രണ്ടെണ്ണവും വിരണ്ടോടിയത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി.
ശനിയാഴ്‌ച രാത്രി 9 മണിയോടുകൂടിയാണ് സംഭവം. എഴുന്നള്ളത്ത് വണ്ടാഴി മോസ്‌കോ മുക്കിന് സമീപം എത്തിയപ്പോഴായിരുന്നു ആനയിടഞ്ഞത്. ആദ്യം പാപ്പാനെ ആക്രമിച്ച ആന പുറത്തിരുന്നവരെ കുടഞ്ഞ് താഴെയിട്ട് വിരണ്ട് ഓടുകയായിരുന്നു.
Also read: VIDEO | 'സിംഗിൾസിനെ അപമാനിക്കുന്നോ...' വധൂവരൻമാർക്ക് നേരെ ഓലമടലെറിഞ്ഞ് കൊമ്പന്‍റെ കലിപ്പ്
സംഭവത്തിൽ പരിക്കേറ്റ തങ്കമണിയെ ത്യശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് നിസ്സാര പരിക്കുകളേറ്റു. വണ്ടാഴിലെ ഒരു തയ്യൽക്കടയും, രണ്ട് ബൈക്കുകളും ആന തകർത്തു.
ഉടൻ തന്നെ രണ്ട് ആനകളെയും പാപ്പാന്മാരുടെ നേതൃത്വത്തിൽ തളയ്‌ക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. മംഗലംഡാം പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. വിരണ്ട ആനകളെ രാത്രിതന്നെ തിരിച്ചയച്ചു.