പാലക്കാട്: ചിറ്റൂരില്‍ വൃദ്ധ ദമ്പതികളെയും മകനെയും മദ്യപിച്ചെത്തിയ സംഘം ക്രൂരമായി മര്‍ദിച്ചതായി പരാതി. കേണംപുള്ളി സ്വദേശികളായ മരുതന്‍, കല്യാണി ദമ്പതികളെയും മകന്‍ രാജേഷിനെയുമാണ് ഒരു സംഘമാളുകള്‍ വീട്ടില്‍ അതിക്രമിച്ചു കയറി കയ്യേറ്റം ചെയ്‌തത്. വിവരം സ്റ്റേഷനില്‍ അറിയിച്ചിട്ടും പൊലീസ് കേസെടുക്കാന്‍ തയാറായില്ലെന്നും കുടുംബം ആരോപിക്കുന്നു.
ഡിസംബര്‍ 22 ന് വ്യാഴാഴ്‌ച വൈകിട്ട് ഏഴ് മണിക്കായിരുന്നു സംഭവം. ഇരുപതോളം പേരാണ് മരുതന്‍റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്. വീട്ടിലുണ്ടായിരുന്ന രാജേഷിനെ ഇവര്‍ ആയുധം കൊണ്ട് ആക്രമിച്ചു. ബഹളം കേട്ടെത്തിയ രാജേഷിന്‍റെ അമ്മ കല്യാണിയേയും സംഘം ആക്രമിക്കുകയായിരുന്നു. പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത 90 വയസുള്ള മരുതനെയും അക്രമികള്‍ മര്‍ദിച്ചു എന്നാണ് കുടുംബം പറയുന്നത്.
മദ്യപ സംഘത്തിന്‍റെ അഴിഞ്ഞാട്ടം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തില്‍ വര്‍ക്കലയിലെ ഹോട്ടലില്‍ സംഘര്‍ഷത്തില്‍ ഇടപെട്ട പൊലീസുകാര്‍ക്ക് മദ്യപ സംഘത്തിന്‍റെ മര്‍ദനമേറ്റിരുന്നു. ടൂറിസം പൊലീസ് ഉദ്യോഗസ്ഥരായ ജോജിന്‍ രാജ്, സാംജിത്ത് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മദ്യപിച്ച് ബഹളമുണ്ടാക്കി രണ്ട് യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരുമായി ഉണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് പോയപ്പോള്‍ തടയാന്‍ ശ്രമിച്ചതായിരുന്നു മദ്യപ സംഘത്തെ പ്രകോപിപ്പിച്ചത്.
വെട്ടൂര്‍ സ്വദേശിയായ ധീരജ്, വെമ്പായം ഇരിഞ്ചയം സ്വദേശി രതീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഡിസംബര്‍ രണ്ടാം വാരത്തില്‍ അട്ടപ്പാടിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ പൊലീസുകാരന്‍ തല്ല് കേസില്‍ അറസ്റ്റിലായിരുന്നു. മുട്ടികുളങ്ങര പൊലീസ് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസറായ രാജ് കുമാറിനെ ആണ് അറസ്റ്റ് ചെയ്‌തത്.
കേസില്‍ കുടുങ്ങിയതിന് പിന്നാലെ ഇയാളെ സസ്പെന്‍ഡ് ചെയ്‌തിരുന്നു. ഭൂതുവഴി സ്വദേശിയായ അലി അക്ബറിനെ മര്‍ദിച്ച കേസിലാണ് പൊലീസ് ഓഫിസറെ അറസ്റ്റ് ചെയ്‌തത്. എഐവൈഎഫ് അഗളി മേഖല പ്രസിഡന്‍റാണ് മര്‍ദനമേറ്റ അലി അക്ബര്‍.