പാലക്കാട്: കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി ജില്ലയിലെ ആദ്യ പൊതു നിരീക്ഷണ കേന്ദ്രം വിക്ടോറിയ കോളജിൽ പ്രവർത്തനം ആരംഭിച്ചു. ഇന്നലെ രാത്രി ദിബ്രുഗഡ്- കന്യാകുമാരി എക്‌സ്‌പ്രസ് ട്രെയിനിൽ ജമ്മു കശ്‌മീരിൽ നിന്നെത്തിയ 132 പേരെയാണ് ഇവിടെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്. ഇതിൽ പാലക്കാട് സ്വദേശികൾക്കൊപ്പം തമിഴ്‌നാട് സ്വദേശികളുമുണ്ട്. ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ ഇവരെ കെഎസ്ആർടിസി ബസിലാണ് വിക്ടോറിയയിൽ എത്തിച്ചത്.
സംഘത്തിലുണ്ടായിരുന്ന മൂന്ന് പേരെ ചിക്കൻപോക്‌സ് ലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പുരുഷന്മാർക്ക് കോളജിലെ മെൻസ് ഹോസ്റ്റലിലും സ്ത്രീകൾക്ക് വുമൺസ് ഹോസ്റ്റലിലുമായാണ് താമസം ഒരുക്കിയിരിക്കുന്നത്. എന്നാൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന് വീഴ്‌ച സംഭവിച്ചതായി ആക്ഷേപവും ഉയരുന്നുണ്ട്. റെയിൽവേ സ്‌റ്റേഷനിൽ നിന്നും ബസിൽ കുത്തി നിറച്ചാണ് കൊണ്ട് വന്നതെന്നും ആവശ്യത്തിന് ബാത്ത് റൂം സൗകര്യങ്ങളോ സമയത്തിന് ഭക്ഷണമോ വെള്ളമോ എത്തിച്ചില്ലെന്നും നിരീഷണത്തിലുള്ളവർ പരാതിപ്പെട്ടു. എന്നാൽ പരാതികളെല്ലാം അടിയന്തിരമായി പരിഹരിച്ചതായും വൈദ്യ പരിശോധനകൾക്ക് ശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്നും കെ.വി വിജയദാസ് എംഎൽഎ വ്യക്തമാക്കി.