പാലക്കാട്: പട്ടാമ്പി ചെങ്ങനാംകുന്ന് തടയണയിൽ ജലസംഭരണം ആരംഭിച്ചു. പാലക്കാട്, തൃശൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തടയണയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. മലമ്പുഴയിൽ നിന്നും തുറന്നുവിട്ട വെള്ളമാണ് നിലവിൽ സംഭരിച്ചിരിക്കുന്നത്. റെഗുലേറ്റർ നിർമിച്ച് ആദ്യമായാണ് വെള്ളം സംഭരിക്കുന്നത്. ഇതോടെ ഓങ്ങല്ലൂർ, വാടാനംകുറിശ്ശി, ദേശമംഗലം, ചെറുതുരുത്തി ഭാഗങ്ങളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാം. ഓങ്ങല്ലൂർ- വല്ലപ്പുഴ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമാണവും അന്തിമ ഘട്ടത്തിലാണ്. പദ്ധതിയുടെ നിർമാണം പൂർത്തിയായാൽ ചെങ്ങനാംകുന്ന് റെഗുലേറ്ററിൽ നിന്നും സുഗമമായി വെള്ളം പമ്പ് ചെയ്യാനാകും.
പ്രദേശത്തെ കാർഷിക ജലസേചനത്തിനും റെഗുലേറ്ററിൽ നിന്നും വെള്ളം ഉപയോഗിക്കാന്‍ സാധിക്കും. പള്ളിപ്രം മൈനർ ഇറിഗേഷൻ വഴി ഓങ്ങല്ലൂർ, പാട്ടാമ്പി, കിഴായൂർ പ്രദേശങ്ങളിലെ കാർഷിക മേഖലയിലേക്കും വെള്ളമെത്തിക്കാനാകും. തൃശൂർ ജില്ലയിലെ കാർഷിക മേഖലയ്ക്കും ചെങ്ങനാംകുന്ന് റെഗുലേറ്റർ ഗുണകരമാണ്. നിലവിൽ സിവിൽ, മെക്കാനിക്കൽ വർക്കുകൾ പൂർത്തീകരിച്ചു. ഇനി ഇലക്‌ട്രിക്കൽ വർക്ക് മാത്രമാണ് പൂര്‍ത്തീകരിക്കാനുള്ളത്. മാർച്ച് മാസത്തിൽ കമ്മീഷൻ ചെയ്യാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ ലോക്ക് ഡൗണ്‍ കാരണം നിർമാണ പ്രവൃത്തി വൈകുകയായിരുന്നു. 22 ഷട്ടറുകളുള്ള റെഗുലേറ്ററിൽ അഞ്ച് കിലോമീറ്ററോളം വെള്ളം സംഭരിക്കാനാകും. കോണ്‍ക്രീറ്റ് ബീം അടക്കം മൂന്ന് മീറ്റർ ഉയരത്തിലാണ് വെള്ളം കെട്ടിനിർത്തുക. വെള്ളിയങ്കല്ലിൽ വെള്ളമെത്തിയതോടെ മലമ്പുഴ ഡാമിന്‍റെ കനാൽ ഷട്ടറുകൾ അടച്ചു.