പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട പൊലീസുകാരന് മാനസിക പീഡനം നേരിടുന്നതായി പരാതി. ഒരുവർഷമായി സഹപ്രവർത്തകർ മാനസികമായി പീഡിപ്പിക്കുന്നതായി അഗളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഹരി മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകി. സഹപ്രവർത്തകരായ ആറ് പേരാണ് തന്നെ മാനസികമായി പീഡിപ്പിക്കുന്നതെന്നും ചില പൊലീസുകാർ തന്‍റെ ഭാര്യയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും മോശമായി പെരുമാറിയെന്നും ഹരിയുടെ പരാതിയിലുണ്ട്.
മാവോയിസ്റ്റ് വേട്ടക്ക് ബാഡ്ജ് ഓഫ് ഓണർ നേടിയ പൊലീസുകാരൻ കൂടിയാണ് ഹരി. ഊരുകളിലുൾപ്പെടെ മറ്റ് പൊലീസുകാർ തന്നെക്കുറിച്ച് വ്യാജപ്രചരണങ്ങൾ നടത്തുന്നെന്നും ഹരി പറയുന്നു. ഊരുമൂപ്പൻ കൂടിയായ തനിക്ക് ഇതോടെ ഊരുകളിൽ പോകാനാവാത്ത സ്ഥിതിയെന്നും ഹരി പറയുന്നു.
അതേസമയം പരാതിയിൽ കഴമ്പില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് അഗളി എ.എസ്.പി അറിയിച്ചു. പരാതി കിട്ടിയ സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അഗളി എ.എസ്.പി വ്യക്തമാക്കി.