പാലക്കാട്: നോക്കുകൂലി നൽകാത്തതിന്‍റെ പേരില്‍ ആലത്തൂരിലെ പ്രവാസി വ്യവസായിയെ മര്‍ദിച്ചെന്ന പരാതിയില്‍ 13 ചുമട്ടുതൊഴിലാളികൾക്കെതിരെ കേസെടുത്തു. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി തൊഴിലാളികൾക്കെതിരെയാണ് കേസ്. ഭീഷണിപ്പെടുത്തൽ, പണം അപഹരിക്കാനുള്ള ശ്രമം, മർദനം എന്നീ വകുപ്പുകൾ ചേർത്താണ് കേസ്.
കഴിഞ്ഞ ദിവസം രാവിലെയാണ് ആലത്തൂർ കാവശ്ശേരി കഴനി ചുങ്കത്തെ വ്യവസായി ദീപക്കിന് നോക്കുകൂലി നല്‍കാത്തതിന്‍റെ പേരില്‍ മര്‍ദനമേറ്റത്. സ്ഥാപനത്തിലേക്ക് രാത്രി എത്തിയ ലോഡ് ഇറക്കുന്നതിനായി ദീപക് തൊഴിലാളികളെ വിളിച്ചിരുന്നു. എന്നാൽ രാവിലെ വന്ന് ഇറക്കാം എന്നായിരുന്നു മറുപടി. വാഹനം രാത്രി തന്നെ തിരിച്ചയക്കേണ്ടതിനാൽ ദീപക്കും സുഹൃത്തും ചേർന്ന് ലോഡ് ഇറക്കി. ഇതിൽ പ്രകോപിതരായ ചുമട്ടുതൊഴിലാളികൾ പിറ്റേന്ന് രാവിലെ നോക്കുകൂലി ആവശ്യപ്പെട്ട് ഇയാളെ മർദിച്ചു എന്നാണ് പരാതി.