തലസ്ഥാനത്തെ കൗമാര കലയ്‌ക്ക് അരങ്ങുണരാന്‍ ഇനി രണ്ട് നാളുകള്‍ മാത്രം. കലാപ്രതിഭകളെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. അഞ്ച് ദിനങ്ങള്‍ ഇനി 'തിരോന്തര'ത്തിന് ഉറക്കമില്ലാ നാളുകള്‍.
പാട്ടും കളിയും നാട്യവുമെല്ലാമായി കൗമാര കലാകാരന്മാര്‍ അരങ്ങില്‍ നിറഞ്ഞാടും. പങ്കെടുത്ത ഓരോന്നിലും വിജയം ഉറപ്പിക്കണമെന്ന ചിന്തയിലാണ് വേദിയിലെത്തി അവര്‍ തകര്‍ത്താടുക. ഇത്തരത്തില്‍ കലാമാമാങ്കത്തില്‍ കൂടുതല്‍ പോയിന്‍റുകള്‍ കരസ്ഥമാക്കുന്ന ജില്ല ഒടുക്കം കലാകിരീടം ചൂടും. വര്‍ഷങ്ങളോളമായി ഈ സ്വര്‍ണക്കിരീടം ജില്ലകളില്‍ നിന്നും ജില്ലകളിലേക്ക് അങ്ങനെ കലോത്സവ കാലത്ത് വിരുന്നെത്തി കൊണ്ടിരിക്കും.
2024ല്‍ സ്വര്‍ണ കിരീടം ചൂടി കണ്ണൂര്‍: കഴിഞ്ഞ വര്‍ഷത്തെ കലോത്സവത്തില്‍ കണ്ണൂരിനാണ് സ്വര്‍ണ കിരീടം സ്വന്തമായത്. 952 പോയിന്‍റ് നേടിയായിരുന്ന ആ സ്വര്‍ണ നേട്ടം. 949 പോയിന്‍റ് നേടിയ കോഴിക്കോടിനെ മറികടന്നായിരുന്നു കണ്ണൂര്‍ കപ്പടിച്ചത്. അതിന് മുമ്പ് രണ്ട് വര്‍ഷവും കിരീടത്തിന്‍റെ സ്ഥാനം കോഴിക്കോടായിരുന്നു. 2024ലും അത് തങ്ങള്‍ക്ക് സ്വന്തമാകുന്ന ആത്മവിശ്വാസത്തില്‍ മത്സരത്തിനിറങ്ങിയ കോഴിക്കോടിന് പക്ഷെ പോയിന്‍റ് നിലയില്‍ കണ്ണൂരിനെ കടത്തിവെട്ടാനായില്ല.
എന്നാലും പ്രകടനത്തില്‍ കോഴിക്കോടും പാലക്കാടുമെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. കോഴിക്കോടിന് പിന്നാലെ 938 പോയിന്‍റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമുണ്ടായിരുന്നു. നാലാം സ്ഥാനത്താകട്ടെ തൃശൂരും. മലപ്പുറം, കൊല്ലം, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, കാസര്‍കോട്, കോട്ടയം, വയനാട്, പത്തനംതിട്ട, ഇടുക്കി, എന്നിങ്ങനെയായിരുന്നു മറ്റ് ജില്ലകളുടെ സ്ഥാനം.
2023ലും സ്വര്‍ണകിരീടം കോഴിക്കോട്ടേക്ക്: മിക്ക കലോത്സവങ്ങളിലും സ്വര്‍ണ കിരീടം സ്വന്തമാകുന്നൊരു ജില്ലയാണ് കോഴിക്കോട്. 2019, 2020 വര്‍ഷങ്ങളില്‍ കപ്പ് പാലക്കാട് എടുത്തിരുന്നു. ശേഷമുള്ള രണ്ട് വര്‍ഷം കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കലോത്സവം നടന്നിരുന്നില്ല. ഇതിന് ശേഷം 2023ല്‍ വീണ്ടും കിരീടം കോഴിക്കോടിന് സ്വന്തമാകുകയായിരുന്നു.
രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം 2023ലും ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു. 2007 മുതല്‍ 2018 വരെയുള്ള 12 വര്‍ഷം തുടര്‍ച്ചയായി കോഴിക്കോടായിരുന്നു കലോത്സവത്തിലെ വിജയി. 2015ല്‍ കോഴിക്കോടിനൊപ്പം പാലക്കാടും വിജയിച്ചെത്തി. മത്സരത്തില്‍ ഒരെ പോയിന്‍റ് നിലയാണ് കോഴിക്കോടും പാലക്കാടും നിലനിര്‍ത്തിയിരുന്നത്. ഇതുകൂടാതെ 2004, 2002, 2001,1993,1992,1991 എന്നീ വര്‍ഷങ്ങളിലുമെല്ലാം കോഴിക്കോട് തന്നെയാണ് ഉയര്‍ന്ന പോയിന്‍റോടെ നേട്ടം കൊയ്‌തത്.
അടുപ്പിച്ച് രണ്ട് തവണ പാലക്കാട്: 2005, 2006 വര്‍ഷത്തിലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയം കൊയ്‌തത് പാലാക്കാടായിരുന്നു. 1967 ശേഷം ആദ്യമായി പാലക്കാട് കപ്പടിച്ച് 2005ലായിരുന്നു. ഇതിന് ശേഷം പിന്നീട് 2016ല്‍ കോഴിക്കോടിനൊപ്പം വിജയിച്ചെത്തി. 2019ലും 2020ലുമായിരുന്നു പിന്നീടുണ്ടായ പാലക്കാടിന്‍റെ വിജയം. അതേസമയം 2003ലാകട്ടെ സ്വര്‍ണ തിളക്കമുണ്ടായത് എറണാകുളത്തിനാണ്. 1990ലെ വിജയത്തിന് ശേഷമായിരുന്നു അത്.
ഒരിക്കല്‍ മാത്രം തൃശൂരും കോട്ടയവും: 1967 മുതല്‍ 2024 വരെയുള്ള കലോത്സവങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് തൃശൂരിന് കിരീടം സ്വന്തമായത്. 1994ലെ മത്സരത്തിലായിരുന്നു ആ ചരിത്ര വിജയം. കലോത്സവ വേദികളില്‍ നിന്നും തൃശൂരിനെ പോലെ തന്നെയാണ് കോട്ടയവും. 1975ല്‍ മാത്രമാണ് കോട്ടയത്തിന് വിജയ കിരീടം ചൂടാനായത്. എന്നാല്‍ ആലപ്പുഴയ്‌ക്ക് രണ്ട് തവണ വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്.
1968,1971 എന്നീ മത്സരങ്ങളിലായിരുന്നു ആലപ്പുഴയുടെ വിജയം. അതേസമയം 1976 മുതല്‍ 1989 വരെയുള്ള കലോത്സവങ്ങളില്‍ തിരുവനന്തപുരത്തിനായിരുന്നു വിജയം. ഇത് കൂടാതെ 1974, 1963, 1958 എന്നീ വര്‍ഷങ്ങളിലും വിജയം തലസ്ഥാനത്ത് തന്നെയായിരുന്നു. വര്‍ഷങ്ങളായി വിവിധ ജില്ലകള്‍ വിജയം കൊയ്യുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണ ആര് വിജയിക്കുമെന്ന കാത്തിരിപ്പിലാണ് കേരളക്കര. ദീര്‍ഘ നാളുകളായി ഇതിനായുള്ള അക്ഷീണ പ്രയത്നത്തിലാണ് സംസ്ഥാനത്തുടനീളമുള്ള കൗമാര കാലാകാരന്മാരും. ഇനി ബാക്കിയെല്ലാം അരങ്ങില്‍ കാണാം...