ബിജാപ്പൂര്‍: കാണാതായ മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രകറിന്‍റെ മൃതദേഹം കണ്ടെത്തി. നാട്ടിലെ ഒരു കരാറുകാരന്‍റെ ഉടമസ്ഥതയിലുള്ള വസ്‌തുവിലെ സെപ്‌ടിക് ടാങ്കില്‍ നിന്നാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്‌ച മുതലാണ് മുകേഷിനെ കാണാതായത്. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കൊലപാതകത്തിന് പൊലീസ് കേസെടുത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വാര്‍ത്താ ചാനലുകള്‍ക്ക് വേണ്ടി സ്വതന്ത്രമാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുകയായിരുന്നു മുപ്പത്തിമൂന്നുകാരനായ മുകേഷ്. ബസ്‌തര്‍ ജംഗ്ഷന്‍ എന്ന പേരില്‍ ഒരു യുട്യൂബ് ചാനലും ഇയാള്‍ നടത്തുന്നുണ്ട്. ഇതിന് 1.59 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുമുണ്ട്. ബുധനാഴ്‌ച വൈകുന്നേരം മുതല്‍ മുകേഷിനെ കാണാനില്ലെന്ന് കാട്ടി സഹോദരന്‍ യുകേഷ് ചന്ദ്രകര്‍ പൊലീസില്‍ അടുത്ത ദിവസം പരാതി നല്‍കിയിരുന്നുവെന്ന് മുതിര്‍ന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മുകേഷിന്‍റെ ഫോണ്‍ ട്രാക്ക് ചെയ്‌താണ് പൊലീസ് കരാറുകാരനായ സുരേഷ് ചന്ദ്രകറിന്‍റെ ഉടമസ്ഥതയിലുള്ള ബിജാപ്പൂരിലെ ചാത്തന്‍പാറ ബസ്‌തിയിലെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
കൊലപാതകത്തിന് കേസെടുത്ത പൊലീസ് സംശയിക്കുന്ന ചിലരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം മുകേഷ് എങ്ങനെ കൊല്ലപ്പെട്ടു എന്ന കാര്യം പൊലീസ് വ്യക്തമാക്കിയിട്ടില്ല. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തവരില്‍ കരാറുകാരനുണ്ടോയെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പൊലീസ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പ്രദേശത്തെ റോഡ് നിര്‍മ്മാണത്തിലെ അപാകതകളെക്കുറിച്ച് മുകേഷ് ചന്ദ്രാകര്‍ ചില റിപ്പോര്‍ട്ടുകള്‍ ചെയ്‌തിട്ടുണ്ടെന്ന് ചില പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി വിഷ്‌ദു ദേവ് സായ് പറഞ്ഞു. മുകേഷ് ചന്ദ്രകറിന്‍റെ മരണം വളരെ ഹൃദയഭേദകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമരംഗത്തിനും സമൂഹത്തിനും വലിയ നഷ്‌ടമാണ് മുകേഷിന്‍റെ വേര്‍പാടെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
കുറ്റക്കാരെ വെറുതെവിടില്ല. എത്രയും പെട്ടെന്ന് അവരെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read: മാധ്യമപ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; ബിജെപി നേതാവ് ഷാഹിദ് ഖാന് പരിക്ക്