ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഉത്തരേന്ത്യ കനത്ത ശൈത്യത്തിന്‍റെ പിടിയില്‍. കനത്ത മൂടല്‍ മഞ്ഞ് വിമാനസര്‍വീസുകളെയടക്കം ബാധിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡല്‍ഹിയില്‍ രാവിലെ 5.30ന് രേഖപ്പെടുത്തിയ താപനില 10.2ഡിഗ്രി സെല്‍ഷ്യസാണ്. ഇന്നലെ ഇതേ സമയം താപനില 9.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.
തണുപ്പിനെ നേരിടാന്‍ നഗരവാസികള്‍ വിറകുകള്‍ കൊണ്ട് അഗ്നികുണ്ഠം തീര്‍ത്ത് അതിന് ചുറ്റുമായി ഇരിക്കുന്ന കാഴ്‌ചയാണ് എമ്പാടും. താപനില ഗണ്യമായി കുറഞ്ഞതോടെ ചിലര്‍ നിശാകേന്ദ്രങ്ങളില്‍ അഭയം തേടുന്നുണ്ട്. മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സമാനമായ കാലവസ്ഥയാണ്. മിക്കയിടത്തും കനത്ത മൂടല്‍മഞ്ഞും ശീതതരംഗവും അനുഭവപ്പെടുന്നുണ്ട്. ഉത്തര്‍പ്രദേശിന്‍റെ തലസ്ഥാനമായ ലഖ്‌നൗവില്‍ പുലര്‍ച്ചെ 5.30ന് രേഖപ്പെടുത്തിയ താപനില 11.4 ഡിഗ്രിയാണ്. സംസ്ഥാനത്തെ മെയ്ന്‍പുരി നഗരത്തില്‍ കനത്ത മൂടല്‍മഞ്ഞുണ്ട്.
അതേസമയം രാജ്യതലസ്ഥാനത്തെ വായുഗുണനിലവാര സൂചിക വളരെ മോശം സ്ഥിതിയില്‍ തുടരുകയാണ്. രാവിലെ ആറ് മണിക്ക് രേഖപ്പെടുത്തിയ വായുഗുണനിലവാര സൂചിക 385 ആണ്. കഴിഞ്ഞ ദിവസം ഇതേ സമയത്ത് ഇത് 348 ആയിരുന്നു.
ഡല്‍ഹി വിമാനത്താവളത്തിലെ പല സര്‍വീസുകളെയും കനത്ത മൂടല്‍ മഞ്ക് ബാധിച്ചിട്ടുണ്ട്. ഇന്‍ഡിഗോ വിമാനങ്ങളുടെ വരവും പോക്കും താത്ക്കാലികമായി നിര്‍ത്തി വച്ചു. അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിമാനസര്‍വീസുകളുടെ വിവരങ്ങള്‍ തേടണമെന്ന് ഡല്‍ഹി രാജ്യാന്തര വിമാനത്താവള അധികൃതര്‍ എക്‌സില്‍ കുറിച്ച ഒരു പോസ്റ്റില്‍ പറയുന്നു. യാത്രക്കാര്‍ക്കുണ്ടായിട്ടുള്ള അസൗകര്യത്തില്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു.
കാഴ്‌ച പരിധിയില്‍ ഗണ്യമായ കുറവുള്ളത് മൂലം ഡല്‍ഹി വിമാനത്താവളത്തിലെ വിമാനങ്ങളുടെ സര്‍വീസുകള്‍ നിര്‍ത്തി വച്ചതായും അധികൃതര്‍ പറഞ്ഞു. വിമാനങ്ങള്‍ സര്‍വീസ് തുടങ്ങിയാലും തിരക്ക് വര്‍ദ്ധിക്കുന്നതിനാല്‍ വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
മോശം കാലാവസ്ഥ മൂലം കഴിഞ്ഞ ദിവസം നാനൂറിലേറെ വിമാനങ്ങള്‍ വൈകിയിരുന്നു.
Also Read: കനത്ത മൂടല്‍മഞ്ഞ്; ഭട്ടിന്‍ഡയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് പതിനാല് പേര്‍ക്ക് പരിക്ക്