ഇടുക്കി: ഇതര സംസ്ഥാനങ്ങളിൽ നിന്നും സുനാമി ഇറച്ചിയും രോഗമുള്ള മൃഗങ്ങളെയും പക്ഷികളെയും കേരളത്തിലേക്ക് കടത്തുന്നതായി സൂചന. ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി മൃഗസംരക്ഷണ വകുപ്പ്. ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങൾ മുൻനിർത്തി ആരംഭിച്ച പരിശോധനകൾ വരും ആഴ്‌ചകളിലും തുടരുവാനാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ തീരുമാനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡിസംബർ 15 മുതലാണ് കർശനമായ പരിശോധനകൾ ജില്ലയിലെ അതിർത്തി ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് ആരംഭിച്ചത്. ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങൾക്കു മുന്നോടിയായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും വൻതോതിൽ കേരളത്തിലേക്ക് മൃഗങ്ങളെയും പക്ഷികളെയും എത്തിച്ചിരുന്നു. ഇതിനോടൊപ്പം രോഗം ബാധിച്ച മൃഗങ്ങളെയും സുനാമി ഇറച്ചി അടക്കം ആരോഗ്യത്തിന് ഹാനികരമാകുന്ന മാംസ ഉത്പന്നങ്ങും എത്തിക്കുവാൻ സാധ്യതയുണ്ടെന്ന് വിവരത്തെ തുടർന്നാണ് കൂടുതൽ ശക്തമായ പരിശോധന ചെക്ക് പോസ്റ്റുകളിൽ ആരംഭിച്ചത്.
എത്തുന്ന മൃഗങ്ങളുടെ ശരീര ഊഷ്‌മാവ് ഉൾപ്പെടെ പരിശോധിച്ചാണ് മൃഗങ്ങളെയും പക്ഷികളെയും അതിർത്തി കടത്തിവിടുന്നത്. വലിയ വാഹനങ്ങളിൽ പരിശോധന നടത്തുന്നതിനായി പ്രത്യേക പ്ലാറ്റ്‌ഫോമുകളും ചെക്ക് പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുണ്ട്.
വരുംദിവസങ്ങളിലും പരിശോധന തുടരുവാനാണ് മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റ് അധികൃതർക്ക് ലഭിച്ചിട്ടുള്ള നിർദേശം. അതേസമയം സംസ്ഥാനത്തേക്കുള്ള പന്നിയിറച്ചിയുടെ വരവിലുള്ള നിയന്ത്രണം തുടരുകയാണ്. തമിഴ്‌നാട് കേരളത്തിൽ നിന്നുള്ള പന്നി ഉത്പന്നങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.