ചേര, ചോള, പാണ്ഡ്യ രാജാക്കന്മാരുടെ പ്രതികാരവും പടയോട്ടവും ചർച്ച ചെയ്യുന്ന ഒരു ഗംഭീര ചിത്രം മലയാളത്തിൽ ഒരുങ്ങുന്നു. സംഘകാല സാഹിത്യ സൃഷ്‌ടികളെ അധികരിച്ച് കഥ പറയുന്ന ചിത്രത്തിന്‍റെ പിന്നണിയിൽ തിരുവനന്തപുരം വിസ്‌മയാസ് മാക്‌സ് അനിമേഷൻ സ്‌റ്റുഡിയോസ് അണ്. ഉത്തരേന്ത്യൻ ചരിത്രാധിപത്യത്തിൽ മുങ്ങിപ്പോയ ദക്ഷിണ സംസ്‌കൃതിയുടെയും ചരിത്രത്തിന്‍റെയും ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം.
സംഘകാല കൃതികളിൽ ഒന്നായ അകനാനൂറിനെ അധികരിച്ച് ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിസ്‌മയാസ് മാക്‌സ് അനിമേഷൻസ് ഡയറക്‌ടര്‍ കെ ഡി ഷൈബുവാണ്.
![DIRECTOR K D SHYBU MUNDAYKKAL INTERVIEW കെ ഡി ഷൈബു മുണ്ടയ്ക്കല്‍ അഭിമുഖം അകനാനുര് സിനിമ](https://etvbharatimages.akamaized.net/etvbharat/prod-images/01-01-2025/23233466_poster.jpg)
മലയാളിക്ക് അറിയാത്ത ചരിത്ര ബോധത്തിന്‍റെ വിശദാംശങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന് 'അകനാനൂറ്' എന്നുതന്നെയാണ് പേര് നൽകിയിരിക്കുന്നത്.
സംഗീതത്തിന് പ്രാധാന്യം നൽകിയൊരുങ്ങുന്ന ചിത്രത്തിൽ ലോകപ്രശസ്‌ത വിദേശ കലാകാരന്മാർ ഭാഗമായി കഴിഞ്ഞു. സിനിമയുടെ വിശേഷങ്ങളെ കുറിച്ച് സംവിധായകന്‍ കെ ഡി ഷൈബു മുണ്ടയ്ക്കൽ ഇ ടി വി ഭാരതുമായി പങ്കുവയ്ക്കുന്നു.
![DIRECTOR K D SHYBU MUNDAYKKAL INTERVIEW കെ ഡി ഷൈബു മുണ്ടയ്ക്കല്‍ അഭിമുഖം അകനാനുര് സിനിമ](https://etvbharatimages.akamaized.net/etvbharat/prod-images/01-01-2025/23233466_ak2.jpg)
ഹോളിവുഡ് സിനിമയും വിസ്‌മയാസ് മാക്‌സ് ആനിമേഷനും
"കഴിഞ്ഞ 20 വർഷമായി കേരളത്തിലെ അനിമേഷൻ ഇൻഡസ്ട്രിയിൽ സജീവമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് വിസ്‌മയാസ് മാക്‌സ് അനിമേഷൻസ്. അനിമേഷൻ, വി എഫ് എക്‌സ് മേഖലകളിൽ വളരെ ജനുവിൻ ആയ സമീപനമാണ് വിസ്‌മയ മാക്‌സ് അനിമേഷൻ സ്റ്റുഡിയോസ് എന്ന സ്ഥാപനത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
![DIRECTOR K D SHYBU MUNDAYKKAL INTERVIEW കെ ഡി ഷൈബു മുണ്ടയ്ക്കല്‍ അഭിമുഖം അകനാനുര് സിനിമ](https://etvbharatimages.akamaized.net/etvbharat/prod-images/01-01-2025/23233466_ak1.jpg)
2016 മുതൽ സ്ഥാപനം ഹോളിവുഡ് സിനിമകളുടെയും ഭാഗമായി. വിഖ്യാത ഹോളിവുഡ് സംവിധായകൻ ക്രിസ് ഈവൻസിന്‍റെ സിനിമകളിൽ അടക്കം വിസ്‌മയ മാക്‌സ് പ്രവർത്തിച്ചു.
2016 നാഷണൽ ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങിൽ നടൻ മോഹൻലാലിനെ കുഞ്ഞാലി മരയ്ക്കാറാക്കി 20 മിനിറ്റ് ദൈർഘ്യമുള്ള ഒരു പ്രസന്‍റേഷൻ പ്രദർശിപ്പിച്ചിരുന്നു. ഈ വീഡിയോ പ്രസന്‍റേഷന്‍റെ വി എഫ് എക്‌സ് പിന്നണിയിൽ പ്രവർത്തിച്ചത് വിസ്‌മയാസ് മാക്‌സ് ആണ്. വീഡിയോയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ തൽക്കാലം ലോക സിനിമകളുടെ ഭാഗമാകുന്ന പ്രവർത്തനങ്ങൾ നിർത്തിവച്ചു.
സ്വന്തം റിസോഴ്‌സസ് ഉപയോഗിച്ച് നമ്മുടെ നാട്ടിൽ തന്നെ കലാമൂല്യവും ടെക്നോളജിയും സമന്വയിക്കുന്ന എന്തെങ്കിലും ഒന്ന് ചെയ്യണമെന്ന തോന്നൽ ഉണ്ടായി. അങ്ങനെയൊരു ചിന്തയുടെയും തീരുമാനത്തിന്‍റെയും പരിണിതഫലമാണ് ദക്ഷിണേന്ത്യൻ ചരിത്രത്തിന്‍റെ കഥ പറയുന്ന 'അകനാനൂര്' എന്ന സിനിമ", സംവിധായകൻ കെ ഡി ഷൈബു മുണ്ടയ്ക്കൽ പറഞ്ഞു തുടങ്ങി.
![DIRECTOR K D SHYBU MUNDAYKKAL INTERVIEW കെ ഡി ഷൈബു മുണ്ടയ്ക്കല്‍ അഭിമുഖം അകനാനുര് സിനിമ](https://etvbharatimages.akamaized.net/etvbharat/prod-images/01-01-2025/23233466_ak4.jpg)
"ദക്ഷിണേന്ത്യയുടെ അല്ലെങ്കിൽ ദ്രാവിഡ ആവർത്തത്തിന്‍റെ ചരിത്രം പറയുന്ന ഒരു സിനിമ വരുമ്പോൾ അതൊരു ബ്രഹ്മാണ്ഡ സിനിമയായിരിക്കും എന്ന അനുമാനത്തോട് പൂർണ്ണമായും യോജിക്കാനാകില്ല", ആദ്യമേ തന്നെ സംവിധായകൻ പ്രതികരിച്ചു.
ചേര, ചോള, പാണ്ഡ്യ സാമ്രാജ്യങ്ങളുടെ ചരിത്രം
"സംഘകാല ചരിത്രം വേണ്ടരീതിയിൽ സാഹിത്യത്തിലൂടെയാണെങ്കിലും സിനിമയിലൂടെയാണെങ്കിലും നാടകത്തിലൂടെയാണെങ്കിലും പറയപ്പെട്ടിട്ടില്ല. ചേര, ചോള, പാണ്ഡ്യ സാമ്രാജ്യങ്ങളുടെ ചരിത്രം നാലാം ക്ലാസിലെ സാമൂഹ്യപാഠപുസ്‌തകത്തിൽ ഒതുങ്ങിയത് അല്ലാതെ ഉൾക്കാമ്പ് തൊടുന്ന വിശദാംശങ്ങൾ നമ്മുടെ പാഠ്യ പദ്ധതിയിൽ പോലും ഉൾപ്പെടുത്തിയിട്ടില്ല.
യവന, ഈജിപ്ഷ്യൻ , ഗ്രീക്ക് സംസ്‌കാരത്തിനപ്പുറം ഇൻഡോ വാലിക്കപ്പുറത്തേക്ക് ഹാരപ്പൻ സംസ്‌കാരത്തിന് ശേഷം കാവേരിയുടെയും പെരിയാറിന്‍റെയും തീരത്ത് ഉണ്ടായി വന്ന മഹാ സംസ്‌കാരമായ സംഘകാലത്തെ നമുക്ക് അടയാളപ്പെടുത്തേണ്ടതായി ഉണ്ട്. ഭാരതത്തിൽ തെക്കൻ ദേശത്തിന്‍റെ ചരിത്രം മനഃപൂർവം മറന്ന് വച്ചതായി തോന്നുന്നു. ചരിത്ര രചനയുടെ ഒരു പ്രശനമായാണ് താൻ അതിനെ വിലയിരുത്തുന്നത്", സംവിധായകന്‍ ചരിത്രത്തെ കുറിച്ച് പറഞ്ഞു തുടങ്ങി.
![DIRECTOR K D SHYBU MUNDAYKKAL INTERVIEW കെ ഡി ഷൈബു മുണ്ടയ്ക്കല്‍ അഭിമുഖം അകനാനുര് സിനിമ](https://etvbharatimages.akamaized.net/etvbharat/prod-images/01-01-2025/23233466_poster2.jpg)
"എഡി ഒന്നാം നൂറ്റാണ്ടിലാണ് സംഘകാല സംസ്‌കൃതി രൂപപ്പെടുന്നത്. പെരിഞ്ചോറ്റുതിയൻ, ഹിമയ വരമ്പൻ നെടുംചേരലാദൻ, ചേരൻ ചെങ്കോട്ടുവൻ എന്നിങ്ങനെയൊക്കെയുള്ള ചേര ചോള, പാണ്ഡ്യ രാജാക്കന്മാരുടെ സാമ്രാജ്യങ്ങളുടെയും കാമനകളുടെയും അന്ത സംഘർഷങ്ങളുടെയും പടയോട്ടങ്ങളുടെയും കഥകൾ പ്രതിപാദിക്കുന്ന സാഹിത്യ ശാഖ തെക്കേ ഇന്ത്യക്ക് ഒട്ടാകെയുണ്ട്. ചേര, ചോള, പാണ്ഡ്യ സാമ്രാജ്യങ്ങൾ മറ്റു സംസ്‌കാരങ്ങളിലേക്ക് പകർന്നു നൽകിയിട്ടുള്ള, കൊണ്ടും കൊടുത്തും നേടിയിട്ടുള്ള സാംസ്‌കാരിക ധാരയുടെ സാക്ഷ്യങ്ങൾ ആയിട്ടുള്ള കൃതികളാണ് ഇവ", കെ ഡി ഷൈബു തുടര്‍ന്നു.
സിനിമയുടെ പ്രമേയം
"ആകാനാനൂര്, പുറനാനൂര്, മണിമേഖല, ചിലപ്പതികാരം എന്നിങ്ങനെ സമുദ്രം പോലെ കിടക്കുകയാണ് സംഘകാല കൃതികൾ. സംഘകാല കൃതികളിലെ അകനാനൂറിനെ അധികരിച്ചാണ് ചിത്രം ഒരുങ്ങുന്നത്. രാമായണത്തെ പോലെയും മഹാഭാരതത്തെ പോലെയും സംഘകാല കൃതികളെയും ഇതിഹാസ തുല്യമായി തന്നെ കരുതണം", സംവിധായകൻ വ്യക്തമാക്കി.
"ഒരു കവി എഴുതാത്തത് കൊണ്ടായിരിക്കണം സംഘകാല കൃതികളെ ഇതിഹാസത്തിൽ ഉൾപ്പെടുത്താത്തത് എന്ന് കരുതുന്നു. 140 ലധികം കവികൾ ചേർന്ന് സൃഷ്‌ടിച്ചതാണ് സംഘകാല കൃതികൾ. 400ലധികം കവിതകൾ ഉൾപ്പെടുന്ന ബ്രഹ്മാണ്ഡ കൃതികളാണ് അകനാനൂറും പുറനാനൂറും. പ്രണയവും പ്രതികാരവും പ്രതിപാദിക്കുന്ന വൈകാരിക നിമിഷങ്ങളെ കാവ്യ രൂപത്തിലാക്കിയ 400 ൽ അധികം കവിതകളാണ് സിനിമയുടെ വിഷയമായ അകനാനൂറ്.
രാജാക്കന്മാരുടെ വീരവും സംഘർഷങ്ങളും പ്രതിപാദിക്കുന്നതാണ് പുറനനൂറ്. പ്രണയവും പ്രതികാരവും മനുഷ്യന്‍റെ അന്ത സംഘർഷങ്ങൾ ആണല്ലോ. അന്ത സംഘർഷങ്ങളാണ് വീരത്തിനും പടയോട്ടത്തിനും ഇന്ധനം ആകുന്നത്. 'അകനാനൂറ്' എന്നാണ് ചിത്രത്തിന്‍റെ പേരെങ്കിലും പുറനാനൂറിൽ പ്രതിപാദിക്കുന്ന ആശയങ്ങൾ സിനിമയുടെ തിരക്കഥയെ കൂടുതൽ ജനകീയമാക്കും" സംവിധായകൻ കെ ഡി ഷൈബു വ്യക്തമാക്കി.
സംഗീതത്തിന് പ്രാധാന്യം
"സിനിമയും സംഗീതവും സംഘകാല കൃതികൾ കവിതകൾ ആയതുകൊണ്ട് തന്നെ സിനിമയിൽ സംഗീതത്തിന് വളരെയധികം പ്രാധാന്യമുണ്ട്. മൂന്നുമണിക്കൂർ ദൈർഘ്യമുള്ള 'അകനാനൂറ്' എന്ന ചിത്രത്തിൽ ഒരു മണിക്കൂർ അധികം സംഗീത രൂപത്തിൽ ആണ് കഥ പറയുക. സംഘകാല കൃതികൾ ലോകനിലവാരത്തിൽ ഉള്ളതുകൊണ്ട് തന്നെ സിനിമയും അതിർത്തികടന്ന് സഞ്ചരിക്കേണ്ടതായി ഉണ്ട്", സംവിധായകന്‍ പറഞ്ഞു.
![DIRECTOR K D SHYBU MUNDAYKKAL INTERVIEW കെ ഡി ഷൈബു മുണ്ടയ്ക്കല്‍ അഭിമുഖം അകനാനുര് സിനിമ](https://etvbharatimages.akamaized.net/etvbharat/prod-images/01-01-2025/23233466_ak3.jpg)
കാവാലം നാരായണ പണിക്കർ ആണ് സിനിമയുടെ ഗാനരചനക്ക് തുടക്കം കുറിച്ചത്. കാവാലത്തിന്‍റെ ആരോഗ്യസ്ഥിതി മോശമായതോടെ ഗാനങ്ങളുടെ രചന പൂർത്തിയാക്കേണ്ട ദൗത്യം സംവിധായകനിൽ നിക്ഷിപ്‌തമായി. യേശുദാസ്, ചിത്ര, അനുരാധ ശ്രീറാം തുടങ്ങിയ ഇന്ത്യയിലെ പ്രഗൽഭരായ ഗായകർ സിനിമയോടൊപ്പം സഹകരിച്ചു. പ്രശസ്‌ത അമേരിക്കൻ ഗായകനായ അലക്‌സ് ബോയെ സിനിമയിലെ ഒരു ഗാനം ആലപിക്കുന്നുണ്ട്.
ശിവതാണ്ഡവ നൃത്തം
'അകനാനൂറ്' എന്ന ചിത്രത്തിൽ ഒരു ശിവതാണ്ഡവനൃത്തം ഉൾക്കൊള്ളുന്നു. പ്രപഞ്ചനൃത്തമായാണ് താണ്ഡവത്തെ കണക്കാക്കുന്നത്. ഏഴരമിനിട്ടു ദൈര്‍ഘ്യമുള്ള പാട്ടിന്‍റെ ഓര്‍ക്കസ്ട്രഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് അതതു മേഖലകളില്‍ ലോക പ്രശസ്‌തരായ സംഗീതജ്ഞരാണ്. താണ്ഡവഗാനത്തിനായി ദഫ് പ്ലേ പ്ലേ ചെയ്‌തിരിക്കുന്ന ലോകപ്രശസ്‌ത ഇറാനിയന്‍ ദഫ് വാദകയായ അസല്‍ മലേകസ്‌ദായാണ്. ദഫ് വാദ്യത്തിലെ രാജകുമാരി എന്നാണ് അസലിനെ അറിയപ്പെടുന്നത്.
![DIRECTOR K D SHYBU MUNDAYKKAL INTERVIEW കെ ഡി ഷൈബു മുണ്ടയ്ക്കല്‍ അഭിമുഖം അകനാനുര് സിനിമ](https://etvbharatimages.akamaized.net/etvbharat/prod-images/01-01-2025/23233466_shybu45.jpg)
സിനിമയുടെ സിംഫണി ഓർഗസ്ട്രേഷൻ ഉടൻതന്നെ പ്രാഗിൽ നടക്കും. ലോകത്തിലെ തന്നെ അതിപ്രശസ്‌തരായ കലാകാരന്മാർ സിനിമയുടെ സംഗീത മേഖലയിലും മറ്റു മേഖലയിലും സഹകരിക്കുമെന്ന് സംവിധായകൻ തുറന്നു പറഞ്ഞു .
![DIRECTOR K D SHYBU MUNDAYKKAL INTERVIEW കെ ഡി ഷൈബു മുണ്ടയ്ക്കല്‍ അഭിമുഖം അകനാനുര് സിനിമ](https://etvbharatimages.akamaized.net/etvbharat/prod-images/01-01-2025/23233466_vismaya.jpg)
"ചേരമാൻ പെരുമാളിൽ അവസാനിച്ചു പോയ കേരളത്തിന്‍റെ ചരിത്ര ധാരണയെ ഈ സിനിമയിലൂടെ ബൃഹത്‌വൽക്കരിക്കാൻ തന്നെയാണ് ഉദ്ദേശം. സംഘകാലത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ ഒരുപക്ഷേ മലയാളിയെക്കാൾ തമിഴ് ജനതയ്ക്ക് സാധിച്ചിട്ടുണ്ട്. തമിഴ്‌നാടിന്‍റെ പാഠ്യപദ്ധതിയിൽ സംഘകാല ചരിത്രം ബൃഹത്താണ്. ഒരുപക്ഷേ ഒരു സിനിമയ്ക്ക് അപ്പുറം ചരിത്രത്തിലേക്കുള്ള എത്തിനോട്ടം കൂടിയാണ് 'അകനാനൂറ്'. ചരിത്ര പഠനം എന്നതിലപ്പുറത്തേക്ക് പ്രേക്ഷകന് മികച്ച ഒരു എന്റർടൈൻമെന്റ് സമ്മാനിക്കാനും ചിത്രത്തിന് ആകും", സംവിധായകൻ വ്യക്തമാക്കി.
സിനിമയുടെ വിശേഷങ്ങള്‍
"യഥാർത്ഥ കൃതികളെയും സംഭവവികാസങ്ങളെയും ആസ്‌പദമാക്കി വന്നിട്ടുള്ള പൊന്നിയൻ സെൽവൻ അടക്കമുള്ള കലാസൃഷ്‌ടികൾ ചരിത്ര ബോധത്തോടൊപ്പം വിനോദ നിലവാരവും പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നു. ഒരു പിരീഡ് സിനിമ ജോണറിൽ വരുന്ന ചിത്രത്തിന് എത്രത്തോളം എന്റർടൈൻമെന്റ് വാല്യൂ ഉണ്ടെന്ന് അതുകൊണ്ടുതന്നെ വ്യാകുലപ്പെടേണ്ടതില്ല", സംവിധായകൻ വിശദീകരിച്ചു.
"ചിത്രത്തിൽ നായക വേഷം ചെയ്യുന്നത് ഇന്ത്യയിലെ തന്നെ മികച്ച താരങ്ങളിൽ ഒന്നാകും എന്ന് സംവിധായകൻ വ്യക്തമാക്കി. അതാരാണെന്ന് തൽക്കാലം വെളിപ്പെടുത്താൻ നിർവാഹമില്ല. എങ്കിലും വില്ലൻ വേഷം '300' എന്ന ഹോളിവുഡ് ചിത്രത്തിലെ നായകനായ ജെറാൾഡ് ബട്ലർ കൈകാര്യം ചെയ്യും. അദ്ദേഹത്തെ സിനിമയുമായി സഹകരിപ്പിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾ നടന്നു കഴിഞ്ഞു", സംവിധായകൻ കെ ഡി ഷൈബു പറഞ്ഞു .
"സംഗീത പ്രാധാന്യമുള്ള ചിത്രത്തിന്‍റെ സംഗീത സംവിധായകൻ പുതിയ ഒരാളാണ്. സിനിമയുടെ പൂർണ്ണമായ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതിന് ബുദ്ധിമുട്ടുണ്ട്", സംവിധായകൻ പറഞ്ഞു.
പുതിയ കാലത്തിന്‍റെ നിർമ്മാണ, ആഖ്യാന രീതികൾ അവലംബിച്ചാണ് തെന്നിന്ത്യയുടെ ഏറ്റവും പുരാതനമായ ജീവിതത്തെയും ചരിത്രത്തെയും അണിയിച്ചൊരുക്കുന്നത്.! പുതിയകാലത്തിനു അത്രകണ്ട് പരിചിതമല്ലെങ്കിലും സംഘകാല ചരിത്രത്തിലെ അനശ്വര പരിവേഷമുള്ള ഗംഭീരകഥാപാത്രങ്ങള്‍ പുതിയ ആസ്വാദനസംസ്കാരത്തെ അങ്ങേയറ്റം ത്രസിപ്പിക്കുന്നതായിരിക്കുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല.
സിനിമയെക്കുറിച്ചും സംഘകാലത്തെ കുറിച്ചും വളരെ വിശദമായി പ്രതിപാദിക്കുന്ന സംവിധായകൻ കെ ഡി ഷൈബു മുണ്ടയ്ക്കലിന്‍റെ അഭിമുഖം വീഡിയോ രൂപത്തിൽ കാണാം.
Also Read:"എന്നെ ഏറ്റവും കൂടുതൽ കരയിപ്പിച്ച വ്യക്തി മോഹൻലാലാണ്"