പാലക്കാട്: ചെന്നൈയിൽ മരിച്ചയാളുടെ മൃതദേഹം കൊവിഡ് പരിശോധന നടത്താതെ പാലക്കാട് എത്തിച്ച് സംസ്കരിച്ച സംഭവത്തിൽ ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ മെയ് 25 ന് ചെന്നൈയിൽ മരിച്ച അൻപത്തിരണ്ടുകാരന്‍റെ മൃതദേഹമാണ് കൊവിഡ് പരിശോധനകൾ നടത്താതെ വാളയാർ അതിർത്തി വഴി സ്വദേശമായ എലവഞ്ചേരിയിലെ പൊതുശ്മശാനത്തിലെത്തിച്ച് സംസ്കരിച്ചത്. ഇയാളുടെ ഭാര്യ നിലവിൽ കൊവിഡ് ബാധിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയും മകനും ചേർന്നാണ് മൃതദേഹം ചെന്നൈയിൽ നിന്നും നാട്ടിലെത്തിച്ചത്. ഇവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവരെ മാത്രമേ അതിർത്തി കടത്തി വിടാവൂ എന്നാണ് ആരോഗ്യവകുപ്പിന്‍റെ നിർദേശം. ഈ നിർദ്ദേശം പാലിക്കാതെയാണ് ഇവരെ സംസ്ഥാനത്തേക്ക് കടത്തിവിട്ടത്.
അമ്മയും മകനും ശവസംസ്കാരത്തിന് ശേഷം നിരീക്ഷണത്തിൽ കഴിയാതെ വടക്കഞ്ചേരിയിലെ ബന്ധുവീട്ടിൽ സന്ദർശനം നടത്തിയിരുന്നു. സംസ്കാരചടങ്ങിൽ പങ്കെടുത്തവരോട് നിരീക്ഷണത്തിൽ പോകാനും സംസ്കാരം നടന്ന എലവഞ്ചേരി പൊതുസ്മശാനം അടച്ചിടാനും കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. മരിച്ച വ്യക്തിയുടെ കൊവിഡ് പരിശോധനാഫലം പുറത്ത് വന്നിട്ടില്ല.