പാലക്കാട്: ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പൊലീസും സംയുക്കമായി നടത്തിയ പരിശോധനക്കിടെ ഒമ്പത് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. പശ്ചിമ ബംഗാൾ, മുസാനിയാബാദ് സ്വദേശി സോനാരുൾ ആണ് പിടിയിലായത്. ഒറീസയിൽ നിന്നുമാണ് കഞ്ചാവ് വാങ്ങിച്ചതെന്ന് പ്രതി മൊഴി നൽകി. ട്രെയിൻ മാർഗം ഒലവക്കോടിറങ്ങി, താണാവ് ഭാഗത്തേക്ക് ബസ് കയറാൻ പോവുന്ന സമയത്താണ് പ്രതി പിടിയിലായത്. മലബാർ ജില്ലകൾ കേന്ദ്രീകരിച്ച് ചില്ലറക്കച്ചവടക്കാർക്ക് കൈമാറാൻ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. സ്‌കൂൾ, കോളജ് വിദ്യാർഥികൾ, അന്യസംസ്ഥാന തൊഴിലാളികൾ എന്നിവരാണ് പ്രധാന ഉപഭോക്താക്കൾ. കൂടാതെ റിസോർട്ടുകളിൽ നടക്കുന്ന ഡിജെ പാർട്ടികൾക്കും കഞ്ചാവ് എത്തിച്ചു കൊടുക്കുന്നുണ്ട്.
സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്‍റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പാലക്കാട് ജില്ല പൊലീസ് മേധാവി ശിവവിക്രം ഐപിഎസിന്‍റെ നിർദ്ദേശത്തെ തുടർന്ന് നർകോട്ടിക് സെൽ ഡിവൈഎസ്‌പി ബാബു തോമസിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഈ വർഷാരംഭം മുതൽ 45 കിലോയോളം കഞ്ചാവാണ് പാലക്കാട് ജില്ലയിൽ പൊലീസ് പിടികൂടിയത്.