പാലക്കാട്: കൂറ്റനാട് ആറങ്ങോട്ടുകരയില്‍ എ.ടി.എം കവർച്ചാ ശ്രമത്തിനിടെ അസം സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. അസം നഗാവോൺ ജില്ലക്കാരായ ഇസ്ലാം (20), നെക്കിബുര്‍ ഹക്ക് (19) എന്നിവരെയാണ് ചാലിശേരി പൊലീസ് പിടികൂടിയത്. പിടിയിലായ രണ്ടുപേരും കോണ്‍ക്രീറ്റ് മതില്‍ നിര്‍മ്മാണശാലയിലെ തൊഴിലാളികളാണ്. ബാങ്ക് സമീപത്താണ് മതില്‍ നിര്‍മാണശാല പ്രവര്‍ത്തിക്കുന്നത്. എഴുമങ്ങാട്ടിലെ കേരള ഗ്രാമീൺ ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍ കവര്‍ച്ചാ ശ്രമം നടന്നത് നൈറ്റ് പട്രോളിങിനിടെ പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. രണ്ട് സിസിടിവി ക്യാമറകള്‍ തകര്‍ത്ത പ്രതികളുടെ ദൃശ്യങ്ങള്‍ മൂന്നാമത്തെ ക്യാമറയില്‍ പതിഞ്ഞിരുന്നു. പ്രതികള്‍ മുഖം ടവല്‍ കൊണ്ട് മറച്ചിരുന്നു.
മോഷണശ്രമം പാളിയതോടെ മോഷണത്തിനായി എടുത്ത കമ്പി പാര ഉടമയുടെ വീട്ടിൽ തന്നെ തിരികെ കൊണ്ടു വച്ചു. കമ്പി പാരയിൽ നിന്ന് മണം പിടിച്ച പൊലീസ് നായ പ്രതികള്‍ താമസിക്കുന്ന മുറിയിലേക്കാണ് എത്തിയത്. തുടർന്ന് നടന്ന തെളിവെടുപ്പിൽ ഇവരുടെ മുറിയില്‍ നിന്നും മുഖം മറയ്ക്കാന്‍ ഉപയോഗിച്ച ടവല്‍ കണ്ടെത്തി. പ്രതികളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ചാലിശേരി എസ്ഐ അനിൽ മാത്യു, തൃത്താല എസ്ഐ അനീഷ്, എഎസ്ഐ അനിരുദ്ധന്‍, സാജൻ, ഡേവി, ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥരായ ഷാജൻ പോൾ, ലികേഷ്, സി.പി.ഒ റിലേഷ് ബാബു തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.