പാലക്കാട് : പലിശക്കാരുടെ ഭീഷണിയെ തുടർന്ന് പാലക്കാട് വീണ്ടും കർഷക ആത്മഹത്യ. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടിൽ കണ്ണന്‍കുട്ടി(56)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.
പലിശക്കാരുടെ ഭീഷണി കാരണം ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം. ആറുലക്ഷം രൂപ ഇവരില്‍ നിന്നും കണ്ണന്‍കുട്ടി പലിശയ്ക്ക് വാങ്ങിയിരുന്നു. മരണവിവരമറിയാതെ പലിശ സംഘം തിങ്കളാഴ്ച രാവിലെയും കണ്ണൻകുട്ടിയുടെ വീട്ടിലെത്തി.
കൃഷി ചെയ്യാനായാണ് ഇയാള്‍ വായ്പയെടുത്തത്. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ വട്ടിപ്പലിശ സംഘം ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇയാള്‍ക്ക് നാലുലക്ഷം രൂപയുടെ കടമുണ്ടെന്നാണ് വിവരം.
ALSO READ: വീണ്ടും സഹകരണ ബാങ്ക് തട്ടിപ്പ്; കുഴൽമന്ദത്ത് തട്ടിയത് 4.85 കോടി രൂപ
ഇതോടെ, ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ട് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. വള്ളിക്കോട് പറളോടി സ്വദേശി വേലുക്കുട്ടി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയിരുന്നു.
മകളുടെ വിവാഹത്തിന് ഇയാള്‍ 10 ലക്ഷം രൂപ കടമെടുത്തിട്ടുണ്ട്. തിരിച്ചടച്ചെങ്കിലും കൂടുതല്‍ പണം വായ്‌പാസംഘം ആവശ്യപ്പെട്ടു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം.