പാലക്കാട്: പാലക്കാട് 1000 സർക്കാർ ഓഫിസുകൾ ഹരിത ഓഫിസുകളായി പ്രഖ്യാപിക്കുമെന്ന് ഹരിത കേരളം മിഷൻ. പതിനായിരം സർക്കാർ ഓഫിസുകൾ മുഖ്യമന്ത്രി ഹരിത ഓഫിസുകളായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ചാണ് ഹരിത കേരളം മിഷൻ ജില്ലാ കോ-ഓഡിനേറ്റർ വൈ. കല്യാണ കൃഷ്ണൻ്റെ പ്രഖ്യാപനം. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനുമോളുടെ അധ്യക്ഷതയിൽ ചേർന്ന ഹരിതകേരളം ജില്ലാ മിഷൻ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ചേംബറിൽ നടന്ന യോഗത്തിൽ ഹരിത ഓഫിസ് ലോഗോ പ്രകാശനം ചെയ്‌തു.
വിദ്യാർഥികൾ, യുവജനങ്ങൾ എന്നിവരെ അണിനിരത്തി ജില്ലയിലെ ഏഴ് നഗരസഭകളിലും ഡിസ്പോസിബിൾ ഫ്രീ ക്യാമ്പയിൻ സംഘടിപ്പിക്കും. ഗ്രാമ പഞ്ചായത്ത് തലത്തിൽ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. യോഗത്തിൽ ഹരിത കേരളം മിഷൻ അംഗങ്ങളായ വകുപ്പ് മേധാവികൾ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലയിൽ 69 വാർഡുകളെ ഹരിത സമൃദ്ധി വാർഡുകളായി പ്രഖ്യാപിച്ചതായും പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു. 13 ഗ്രാമപഞ്ചായത്തുകൾ തരിശ് രഹിത പഞ്ചായത്തുകളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഹരിത കേരളം മിഷൻ്റെ ഭാഗമായുള്ള വരൾച്ച പ്രതിരോധ പ്രവർത്തനങ്ങൾ മൈനർ ഇറിഗേഷൻ വകുപ്പ് നടത്തിയതായി എക്‌സിക്യൂട്ടിവ് എഞ്ചിനിയർ അറിയിച്ചു. ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ് മിഷൻ്റെ ഭാഗമായി ഇതുവരെ എട്ട് കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. ജില്ലയിലെ 1490 വാർഡുകളിൽ 1230 വാർഡുകളിലും ഹരിത കർമസേനയുടെ നേതൃത്വത്തിൽ അജൈവ മാലിന്യ ശേഖരിക്കുന്നതിൻ്റെ ഭാഗമായുള്ള വാതിൽപ്പടി ശേഖരണം നടത്തുന്നുണ്ട്. 81 പഞ്ചായത്തുകളിൽ എം.സി.എഫ് പ്രവർത്തനം ആരംഭിച്ചതായും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടർ പറഞ്ഞു. യോഗത്തിൽ ഹോർഡിങ് ഡിസൈൻ മത്സരത്തിൽ വിജയിയായ മലമ്പുഴ സ്വദേശി അഖിൽ പ്രകാശന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പ്രോത്സാഹന സമ്മാനം കൈമാറി.